സ്വർണം കട്ടത് ആരാണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാം, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ തങ്ങൾക്ക് യാതൊരു ഭയവുമില്ല : കെ.സി വേണുഗോപാൽ
കോഴിക്കോട് : ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ തങ്ങൾക്ക് യാതൊരു ഭയവുമില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അയ്യപ്പന്റെ സ്വർണം കട്ടതും ദേവസ്വം ബോർഡ് ഭരിക്കുന്നതും ഭരിച്ചിരുന്നതും ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
tRootC1469263">‘കടകംപള്ളിയെ ചോദ്യം ചെയ്തിട്ടും പുറത്തറിയുന്നില്ല. എന്നാൽ, മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതിന് മുൻപ് തന്നെ പേരുവിവരങ്ങൾ പുറത്തറിയിക്കുകയാണ്. കേസുമായി ഒരു ബന്ധവും ഇല്ലാത്തവരെ ചോദ്യം ചെയ്യാൻ പോകുമ്പോൾ അത് പുറത്തറിയിക്കും. എന്നാൽ, യഥാർഥ പ്രതികൾ തന്നെ ബന്ധമുണ്ടെന്ന് പറയുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് രഹസ്യമായിട്ടും. ഇതിലൂടെ ഇരട്ടത്താപ്പ് വ്യക്തമായി മനസ്സിലാകും.
ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് അടൂർ പ്രകാശ് തന്നെ വിശദമാക്കിയിട്ടുണ്ട്. ആരെ ചോദ്യം ചെയ്യുന്നതിനും ഞങ്ങൾക്ക് ആർക്കും ഭയമില്ല. കാരണം, അയ്യപ്പന്റെ സ്വർണം കട്ടവർ ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാം. ദേവസ്വം ബോർഡ് ഭരിക്കുന്നത് ആരാണെന്ന് അറിയാം, ഭരിച്ചിരുന്നവർ ആരാണെന്നും അറിയാം. കേരള സർക്കാറിനെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് അറിയാം. പിണറായി വിജയൻ അറിയാതെ കേരളത്തിൽ ഒരില പോലും അനങ്ങില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിൽ ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല’ -അദ്ദേഹം പറഞ്ഞു.
‘അന്വേഷണത്തിന്റെ വഴി എങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക് പ്രവചിക്കാൻ പറ്റില്ല. പക്ഷേ അന്വേഷണ രീതികളെ കുറിച്ച് ഒരുപാട് സംശയങ്ങൾ പൊതുസമൂഹത്തിനുണ്ട്. ഹൈകോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരാളും ഇപ്പോഴും അകത്താകില്ലായിരുന്നു, ഈ അന്വേഷണം ഉണ്ടാവില്ലായിരുന്നു, ഇത് പുറത്തു വരില്ലായിരുന്നു. ഹൈക്കോടതിയാണ് ഈ കാര്യത്തിൽ ഏറ്റവും ശരിയായ നടപടിയുമായി മുന്നോട്ടു പോയത്. ഹൈക്കോടതി നിയമിച്ച എസ്ഐടി ആണെങ്കിലും ഉദ്യോഗസ്ഥരെല്ലാം കേരള സർക്കാർ നിയന്ത്രണത്തിലുള്ളവരാണ്.
സർക്കാർ നിയന്ത്രിക്കുന്ന ഒരു പൊലീസിന് എത്രമാത്രം മുന്നോട്ടു പോകാൻ പറ്റും എന്നുള്ളതിന്റെ പരിമിതിയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യപ്പെടുന്നവർക്ക് സൗകര്യപ്പെടുന്ന രീതിയിലാണ് ചോദ്യം ചെയ്യലുകൾ നടത്തുന്നത്. സർക്കാരിന്റെ താല്പര്യം സംരക്ഷിക്കുന്നത് ചോദ്യം ചെയ്യലിൽ പോലും കാണാൻ പറ്റും. എസ്ഐടിയുടെ വിശ്വാസ്യത നിലനിർത്തേണ്ടത് ഉത്തരവാദിത്വമാണ്.
പ്രതികളെ സംരക്ഷിക്കാൻ മെനക്കെട്ടാൽ കനത്ത തിരിച്ചടിയായിരിക്കും സർക്കാർ നേരിടേണ്ടി വരിക. ജനം ഈ കാര്യത്തിൽ ശക്തമായ പ്രതികരണമായി മുന്നോട്ട് വരും. കടകംപള്ളിയെ ചോദ്യം ചെയ്തത് നാലു ദിവസം കഴിഞ്ഞല്ലേ പുറത്തറിഞ്ഞത്? പൊലീസ് ഈ കാര്യത്തിൽ ആദ്യം മുതലേ ഈ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തുന്നത്. ഞങ്ങൾക്ക് ഹൈക്കോടതിയിൽ പൂർണ വിശ്വാസമുണ്ട്. പക്ഷേ ഹൈക്കോടതി നിയമിച്ച എസ്ഐടി ആണെങ്കിലും അതിനെ നിയന്ത്രിക്കാൻ സർക്കാർ പെടുന്ന പെടാപ്പാട് നമ്മൾ മനസ്സിലാക്കുന്നുണ്ട്.
എസ്ഐടിക്ക് മേൽ ശക്തമായ സമ്മർദ്ദമുണ്ട് എന്നതിന് തെളിവാണ് ഈ അന്വേഷണ രീതികൾ. അല്ലെങ്കിൽ പ്രഗൽഭരായ ഉദ്യോഗസ്ഥരുള്ള സംഘത്തിന് ഇത്രയൊന്നും ദിവസം എടുക്കേണ്ട കാര്യമില്ല. ഇതിനു മുമ്പ് തന്നെ നെല്ലും പതിരും പൂർണമായും തിരിച്ചറിയാമായിരുന്നു. അവർ ഇങ്ങനെ ഓരോ ദിവസവും വൈകിപ്പിക്കുകയാണ്’ -കെ.സി. വേണുഗോപാൽ പറഞ്ഞു.
.jpg)


