ഗണേശിനെ ഒഴിവാക്കില്ല; അതിന് കാരണവുമുണ്ട്

ഹരികൃഷ്ണൻ . ആർ
പിണറായി മന്ത്രിസഭ നവംബറോടെ പുന:സംഘടിപ്പിക്കുമ്പോൾ എം.എൽ.എ കെ.ബി. ഗണേശ് കുമാറിനെ ഒപ്പം ചേർക്കും എന്ന് ഏറെ കുറെ ധാരണയായി .മന്ത്രിമാരായ ആൻ്റണി രാജുവും അഹമ്മദ് ദേവർ കോവിലും മന്ത്രി സ്ഥാനം ഒഴിയുന്ന മുറയ്ക്കാണ് ഗണേശ് കുമാറിനെ ഉൾപ്പെടുത്തി മന്ത്രി സഭ പുന:സംഘടിപ്പിക്കാൻ കൂടിയാലോചന നടക്കുന്നത് .രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പേരും കെ .ബി ഗണേശ് കുമാറിനൊപ്പം നിലവിൽ പരിഗണിക്കുന്നുണ്ട് .
ഗണേശിനെ മന്ത്രിയാക്കുന്നതിൽ ഇടതു പക്ഷ അംഗങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ആദ്യ ദിനങ്ങളിൽ ഉയർന്നു കേട്ടെങ്കിലും പിന്നീട് തടസ്സങ്ങൾ നീക്കി മാറ്റി നിർത്തേണ്ടതില്ലെന്ന തീരുമാനത്തിൽ മുഖ്യമന്ത്രിയും ഇടതു പക്ഷ മുന്നണികളും എത്തിച്ചേരുകയായിരുന്നു .20ന് ചേരാനിരിക്കുന്ന എൽ.ഡി.എഫ് യോഗത്തിലും തുടർന്ന് വരും ദിവസങ്ങളിൽ നടത്തപ്പെടുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി മീറ്റിങ്ങിലും ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന കാര്യത്തിൽ ചർച്ച നടന്നേക്കും .
ഇപ്പോൾ സി.പി.എം മന്ത്രിമാരായി തുടരുന്ന പലരുടെ പ്രവർത്തനങ്ങളിലും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് കടുത്ത അതൃപ്തി ഉണ്ട് . ഇവരുടെ പ്രവർത്തനങ്ങൾ പലതും ജനങ്ങൾക്കിടയിൽ പാർട്ടി ഇമേജ് കുറക്കുന്നതായും പൊതുവിൽ പരാതി ഉയരുന്നുണ്ട്.അങ്ങനെയെങ്കിൽ ആരോഗ്യ വകുപ്പിൽ കാര്യമായി ഒന്നും ചെയ്യാനാവാത്ത മന്ത്രി വീണാ ജോർജിനെയും എക്സൈസ് വകുപ്പിൽ പരുങ്ങുന്ന എം.ബി രാജേഷിനേയും വകുപ്പ് മാറ്റി നൽകാൻ മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട് .
എക്സൈസ് വകുപ്പ് വി.എസ് വാസവന് നൽകാനാണ് മുഖ്യമന്ത്രി ഇപ്പോൾ താൽപര്യം പ്രകടിപ്പിക്കുന്നത് .മാത്രമല്ല മാറ്റപ്പെടുന്ന വകുപ്പുകളിലേക്ക് സജി ചെറിയാൻ്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട് .എ.എൻ ഷംസീറിനെ മന്ത്രിയായി നിയോഗിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടെങ്കിലും അധികം സാധ്യത കാണുന്നില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് .മുൻകൂട്ടിയുള്ള ധാരണ എന്ന മുറയ്ക്ക് ഒരു എം.എൽ.എ വീതമുള്ള നാലു കക്ഷികൾക്ക് മന്ത്രി സ്ഥാനം എന്ന നിലയിലാണ് രാമചന്ദ്രൻ കടന്നപ്പള്ളിക്കും കെ .ബി ഗണേശ് കുമാറിനും നറുക്ക് വീണിരിക്കുന്നത് .
കുടുംബ സ്വത്ത് സംബന്ധിച്ച കേസിൽ ഗണേശ് കുമാറിനെതിരെ പരാതിയുമായി സഹോദരി ഉഷ മോഹൻ ദാസ് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും , സോളാർ കേസിലെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സി.ബി.ഐ റിപ്പോർട്ടിലെ പരാമർശങ്ങളും ഗണേശിന് വെല്ലുവിളി ഉയർത്തിയെങ്കിലും മുഖ്യമന്ത്രിക്ക് അദ്ദേഹത്തോടുള്ള അനുഭാവം മന്ത്രി സ്ഥാനത്ത് വരെ പരിഗണനയിൽ എത്താൻ അദ്ദേഹത്തെ തുണയ്ക്കുകയായിരുന്നു .മാത്രമല്ല ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.എസ്.എസ് വോട്ടുകൾ ഏകീകരിക്കാനും അത് ഇടതു പക്ഷത്തിന് ലഭിക്കാനും ഡയറക്ടർ ബോർഡ് അംഗം കൂടിയായ കെ.ബി ഗണേശ് കുമാറിന് മന്ത്രി സ്ഥാനം നൽകുന്നതിലൂടെ ആവുമെന്ന മുൻവിധിയും മുഖ്യമന്ത്രിക്കും ഇടതു പക്ഷ മുന്നണികൾക്കും ഉണ്ട്. മന്ത്രിയായതിനു ശേഷം ഗണേശിനെ മുൻ നിർത്തി പല നേട്ടങ്ങളും നേടിയെടുക്കാമെന്ന അമിത വിശ്വാസവും മുഖ്യമന്ത്രി ഈ ദിനങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട് .