കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പെന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖ എവിടെ നിന്ന് ലഭിച്ചതെന്ന് അറിയണം ; മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
കൊട്ടാരക്കര: കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പെന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖ എവിടെ നിന്ന് ലഭിച്ചതെന്ന് അറിയണമെന്ന് മുൻ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ രേഖ ചമച്ച് കൊടുത്ത ഉദ്യോഗസ്ഥൻ ആരാണെന്ന് എങ്കിലും ലേഖകൻ വെളിപ്പെടുത്തണമെന്നും കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സിബിഐ അന്വേഷിച്ചാലും അതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മാധ്യമങ്ങളൊന്നും വിഷയം ഏറ്റെടുക്കാത്തിനാൽ ഓൺലൈൻ മാധ്യമങ്ങളെ ഇളക്കിവിടുകയാണെന്നും അവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിക്കുമെന്നും ഈ വാർത്തയിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിലൂടെയായിരുന്നു കെ ബി ഗണേഷ് കുമാറിൻ്റെ പ്രതികരണം.
കെഎസ്ആർടിസി ബസ് വാങ്ങാത്ത വില എവിടെ നിന്ന് കിട്ടിയെന്ന് ലേഖകൻ പറയണമെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷം കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിന് കളങ്കംവരുത്തുന്നതിനാലാണ് ഇക്കാര്യത്തിൽ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ബോർഡ് യോഗത്തിലാണ് ബസ് വാങ്ങുന്നത് തീരുമാനിക്കുന്നത്. അവിടെ മന്ത്രിക്ക് കാര്യമില്ല. കെഎസ്ആർടിസിയിൽ ടെൻഡർ വിളിക്കാതെ വണ്ടി വാങ്ങിക്കാൻ കഴിയില്ല. കെഎസ്ആർടിസി ഡയറക്ടർ ബോർഡാണ് വണ്ടി വാങ്ങുന്നതിനുള്ള ഉത്തരവ് നൽകുന്നത്. ഇവരെ കബളിപ്പിച്ചിട്ട് കൂടിയ വിലയ്ക്ക് വണ്ടി വാങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം പൊതുജനങ്ങൾക്ക് ഇക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. താൻ കാറുവാങ്ങിയത് ലോണെടുത്താണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദർശിനി പദ്ധതി നല്ലകാര്യമാണെന്നും പെൺകുട്ടികൾക്ക് പുറമേ ആൺകുട്ടികളായ വിദ്യാർത്ഥികൾക്കും യാത്ര സൗജന്യമാക്കണമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. അതേസമയം ഓർഡിനറി ബസുകൾ ഫാസ്റ്റാക്കുന്നതായ വാർത്ത റിപ്പോർട്ടർ ടിവിയിലൂടെ കണ്ടെന്നും അതിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
.jpg)

