കഴക്കൂട്ടത്ത് സുഹൃത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പതിനേഴുകാരൻ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
കഴക്കൂട്ടം: സുഹൃത്തിന്റെ ആത്മഹത്യയെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്ന പതിനേഴുകാരൻ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. പള്ളിത്തുറ സ്വദേശിയും എ.സി. മെക്കാനിക് വിദ്യാർഥിയുമായ അർജുൻ ഡയനീഷ്യസ് (17) ആണ് മരിച്ചത്. മുക്കോലയ്ക്കൽ ആശാൻ സ്മാരകത്തിന് എതിർവശത്തുള്ള ‘ഹബ്ബ് സിക്സ്’ പി.ജി. ഹോസ്റ്റൽ മുറിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഇറ്റലിയിലാണ്.
ഹോസ്റ്റൽ മുറിയിലെത്തും മുൻപ് ഉച്ചയോടെ അർജുൻ സുഹൃത്ത് ജോർജിന്റെ വീട് സന്ദർശിച്ചിരുന്നു. അർജുന്റെ സുഹൃത്തും പ്ലസ് വൺ വിദ്യാർത്ഥിയുമായ ജോർജ് ബിജു (17) കഴിഞ്ഞ 11-ന് സ്വന്തം വീട്ടിൽ ജീവനൊടുക്കിയിരുന്നു. ജോർജിന്റെ വേർപാടിലുണ്ടായ ദുഃഖമാണ് അർജുന്റെ ജീവനെടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.jpg)

