കവടിയാർ വാഹനാപകടം ; നൗഷിജയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു
തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആഷിക്ക്. ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ഗുരുതരമായി പരിക്കേറ്റത്. നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു. നിയന്ത്രണം തെറ്റിയെത്തിയ കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, കാൽനടയാത്രക്കാരായിരുന്ന ആഷിക്കിനെയും നൗഷിജയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇവരെ ഇടിച്ചു തെറിപ്പിച്ച കാർ രണ്ടു കാറുകളിലും ഒരു ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. രക്ത സമ്മർദ്ദം കുറഞ്ഞതാണ് വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് കാർ ഓടിച്ചിരുന്ന കുറവൻകോണം സ്വദേശി മോഹൻ തോമസ് പൊലീസ് നൽകിയ മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്.
കുറവൻകോണത്ത് നിന്ന് കവടിയാറിലേയ്ക്ക് വരികയായിരുന്ന കാറാണ് അമിത വേഗത്തിലെത്തി ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറിയത്. നൗഷിജയെയും ആഷിക്കിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ബംഗാൾ സ്വദേശി അലി അക്ബറിനെയും ഇടിച്ചു തെറിപ്പിച്ചു. പിന്നീട് ഒരു ബൈക്കിലും രണ്ടു കാറുകളിലും ഇടിച്ചു. നിതീഷ് എന്നയാൾ ഓടിച്ചിരുന്ന കാറിൽ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയത്. നിതീഷിനും പരിക്കേറ്റിരുന്നു.
ഗുരുതരമായി പരിക്കേറ്റ നൗഷിജ ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരിച്ചിരുന്നു. ഒരുമാസം മുമ്പാണ് നൗഷിജയും ആഷിക്കും വിവാഹിതരായത്. തിരുവനന്തപുരം സന്ദർശിക്കാനെത്തിയതായിരുന്നു ഇരുവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതര പരിക്കേറ്റ ബംഗാൾ സ്വദേശി അലി അക്ബർ ഫാഷൻ ഡിസൈനിങ്ങ് വർക്കറാണ്.
.jpg)

