കാട്ടാക്കട കോളജിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത വിചിത്രസംഭവം : വി.ഡി സതീശൻ

google news
v d satheesan

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിൽ നടന്നത് കേട്ടുകേൾവി പോലുമില്ലാത്ത വിചിത്രസംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടം വിചിത്ര സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പൽ ഇത് ചെയ്തതെന്ന് സതീശൻ ചോദിച്ചു.

കാട്ടാക്കട പ്രിൻസിപ്പലിനെയും സമ്മർദം ചെലുത്തിയവരേയും എല്ലാം ഉൾപ്പെടുത്തി അന്വേഷണം നടത്തണം. ഇവർ ചെയ്തത് ക്രിമിനൽ കുറ്റം ആണ്. എസ്.എഫ്.ഐ നേതൃത്വം ക്രിമിനലുകളുടെ കൈയിലാണ്. സി.പി.എം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിലാണ്. എട്ട് സർവകലാശാലകളിൽ വി.സിമാരില്ല. ഇഷ്ടക്കാർക്ക് ചാർജ്ജ് കൊടുത്ത ഇൻചാർജ് ഭരണമാണ് നടക്കുന്നത്. സേർച്ച് കം സെലക്ഷൻ കമ്മിറ്റി പ്രതിസന്ധിയിലാണ്. സർക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായി.

66 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരില്ല. പി.എസ്.സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. സി.പി.എമ്മിന്റെ ഇഷ്ടക്കാർ ലിസ്റ്റിലില്ലാത്തതാണ് കാരണം. വിദ്യാർഥികൾ കൂട്ടത്തോടെ നാടുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags