കാസർകോട്​-വയനാട് 400 കെ.വി ലൈൻ പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിച്ചു

No power crisis for the next two months; KSEB says it will not purchase power from outside

 തിരുവനന്തപുരം: മൂന്ന് വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന കാസർകോട്​-വയനാട് 400 കെ.വി വൈദ്യുതി പ്രസരണ ലൈൻ പദ്ധതി യാഥാർഥ്യമാക്കാൻ നിർണായക നടപടിയുമായി സർക്കാർ. പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവർക്കുള്ള പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഗണ്യമായി വർധിപ്പിച്ച്​ സർക്കാർ ഉത്തരവിറക്കി. 2026 മാർച്ചിൽ പുറത്തിറക്കിയ മുൻ ഉത്തരവ് ഭേദഗതി ചെയ്താണ് പുതുക്കിയ നിരക്കുകൾ നിശ്ചയിച്ചത്.

​വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലാണ് വർഷങ്ങളായി നിലച്ചുകിടന്ന പദ്ധതിയിൽ നിർണായക വഴിത്തിരിവുണ്ടാക്കിയത്. ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കാൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഭൂവുടമകളുടെ പ്രതിനിധികൾ എന്നിവരുമായി മന്ത്രി നടത്തിയ തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് പാക്കേജ് പുതുക്കാൻ ധാരണയായത്. തുടർന്ന് വൈദ്യുതി വകുപ്പ് സമർപിച്ച നിർദേശത്തിന് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകാരം നൽകുകയായിരുന്നു.

​ടവർ സ്ഥാപിക്കുന്ന സ്ഥലത്ത്​ ഭൂമിയുടെ ന്യായവിലയുടെ 400 ശതമാനം നഷ്ടപരിഹാരം ലഭിക്കും. നേരത്തെ 340 ശതമാനമായിരുന്നു. പ്രസരണ ലൈൻ കടന്നുപോകുന്ന ഭൂമിക്ക് ന്യായവിലയുടെ 100 ശതമാനം നഷ്ടപരിഹാരം നൽകും. നേരത്തെ 60 ശതമാനമായിരുന്നു. ലൈനിന് താഴെ വരുന്ന വീടുകൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ മൂല്യനിർണയ പ്രകാരം പരമാവധി 10 ലക്ഷം രൂപ വരെ അനുവദിക്കും. മൂല്യനിർണയ തുക 10 ലക്ഷത്തിൽ താഴെയാണെങ്കിൽ യഥാർഥ തുക നൽകും. മുൻ ഉത്തരവിൽ ഇത് വെറും രണ്ടു ലക്ഷമായിരുന്നു.

ഒരു സെന്റിന് 10,000 രൂപയിൽ താഴെ ന്യായവിലയുള്ള പ്രദേശങ്ങളിൽ സെന്റിന് 10,000 രൂപ അടിസ്ഥാന ന്യായവിലയായി കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. നേരത്തെ ഇത് 7,000 രൂപയായിരുന്നു. ​മരങ്ങൾ മുറിക്കുന്നതിന്റെ നഷ്ടപരിഹാരവും വർധിപ്പിച്ചു. സമതല പ്രദേശങ്ങളിൽ 46 മീറ്റർ വീതിയിലും മലനിരകളിലും താഴ്‌വരകളിലും 30 മീറ്റർ വീതിയിലുമുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതി​ന്റെ നഷ്ടപരിഹാരം നിലവിലെ ചട്ടപ്രകാരം കലക്ടർമാർ നിശ്ചയിക്കും. 

Tags