കാസർകോട് നിന്ന് കാണാതായ പെൺകുട്ടിയെയും യുവാവിനേയും മരിച്ചനിലയിൽ കണ്ടെത്തി


കാസർകോട്: പൈവളിഗയിൽ നിന്നും കാണാതായ പെൺകുട്ടിയും യുവാവും മരിച്ചനിലയിൽ. 26 ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. അന്നു തന്നെ യുവാവിനേയും കാണാതായിരുന്നു. പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ(15)യും അയൽവാസിയായ പ്രദീപ്(42)മാണ് മരിച്ചത്. ഇരുവരുടേയും മൊബൈൽ ഫോണിന്റെ അവസാന ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായത്. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിൽ നൽകിയ പരാതി. ഇളയ സഹോദരിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യം അറിയിച്ചത്.
വീടിന്‍റെ പിന്‍വാതിൽ തുറന്നുകിടക്കുകയായിരുന്നു. തെരഞ്ഞുനോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോള്‍ റിങ് ചെയ്തിരുന്നെങ്കിലും എടുത്തില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു.
പെൺകുട്ടിയെ കാണാതായ ദിവസം തന്നെ അയൽവാസിയായ യുവാവിനേയും കാണാതാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ട് പോയതാണെന്ന ആരോപണം രക്ഷിതാക്കൾ ഉയർത്തിയിരുന്നു.