കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പികെ ബിജു ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

google news
p k biju

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പി കെ ബിജു ഇന്ന് ഇഡി ക്ക് മുന്നില്‍ ഹാജരായേക്കും. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഹാജരാകുന്നതിന് തടസം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളൊന്നും ഇതുവരെ ഇ ഡി ഓഫീസില്‍ ലഭിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ് സിപിഐഎം നേതൃത്വത്തിനുള്ളത് എന്നറിയുന്നു. അതിനാല്‍ രാവിലെ പി കെ ബിജു ഇഡിക്ക് കത്ത് നല്‍കാനും സാധ്യതയുണ്ട്. അതിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ് ലഭിച്ചു. ഇന്നലെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാല്‍ ഈ മാസം 26 വരെ ഹാജരാകാന്‍ സാധിക്കില്ല എന്ന് എം എം വര്‍ഗീസ് അറിയിക്കുകയായിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ചത്. സിപിഐഎം കൗണ്‍സിലര്‍ പി കെ ഷാജനും നാളെ ഹാജരാകാന്‍ നോട്ടിസ് അയച്ചിട്ടുണ്ട്.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലധികമായി. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍. 

Tags