കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സി.പി.എം. മുന്‍ ഏരിയസെക്രട്ടറി ഇ.ഡിക്കു മുന്നില്‍

Karuvannur Co operative Bank


തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം. ഏരിയ സെക്രട്ടറിയെ ഇ.ഡി. ചോദ്യംചെയ്തു. ഇരിങ്ങാലക്കുട സി.പി.എം. മുന്‍ ഏരിയ സെക്രട്ടറി പ്രേംരാജിനെയാണ് ചോദ്യം ചെയ്തത്. കേസില്‍ നിര്‍ണായകമായ ചില നീക്കങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിശദമായ ചോദ്യംചെയ്യലെന്നാണ് സൂചന.


പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ബാങ്കില്‍ വായ്പകള്‍ നല്‍കിയിരുന്നത് എന്നു നേരത്തെ പലരും ഇ.ഡിക്കു മൊഴി നല്‍കിയിരുന്നു. അത് തെളിയിക്കാനായാല്‍ കൂടുതല്‍ പേര്‍ കുടുങ്ങും. ബാങ്കില്‍ നടന്ന തട്ടിപ്പുകള്‍ക്ക് എതിരേ ആദ്യം പരാതി നല്‍കിയ എം.വി. സുരേഷിനേയും ഇ.ഡി. വിളിച്ചുവരുത്തി. ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രേംരാജിനെ വിശദമായി ചോദ്യം ചെയ്തു. കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പ് നടക്കുന്ന സമയത്ത് പ്രേംരാജ് സി.പി.എം. ഇരിങ്ങാലക്കുട ഏരിയസെക്രട്ടറി ആയിരുന്നു. ബാങ്ക് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി നേരത്തെ ഉപസമിതി ഉണ്ടാക്കിയിരുന്നു. സമിതിയെ നിയന്ത്രിച്ചത് പ്രേംരാജാണെന്ന മൊഴി ഇ.ഡി. ക്ക് പല പരാതിക്കാരും നല്‍കിയിരുന്നു.

 ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് ആരാഞ്ഞതെന്നറിയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ തേടിയാണ് പ്രേംരാജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മുമ്പും ഇ.ഡി. ഇയാളെ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരനായ സുരേഷും ഇ.ഡിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്. ബാങ്ക് പ്രസിഡന്റായിരുന്ന ദിവാകരനും കേസിലെ ഒന്നാംപ്രതി സുനില്‍ കുമാറും ഇഡി ഓഫീസില്‍ എത്തിയിട്ടുണ്ട്. അവരെയും ഇ.ഡി. വിളിച്ചു വരുത്തി.

Share this story