കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ; എ സി മൊയ്തീന് വീണ്ടും നോട്ടീസ് നല്‍കും

google news
AC Moideen

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്തീന്‍ എംഎല്‍എയ്ക്ക് വീണ്ടും നോട്ടീസ് നല്‍കും. മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് ശേഖരിക്കുന്നത്. ഇന്നലെ തൃശൂര്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഹവാല ഇടപാട് നടന്നതായി ഇ ഡി വെളിപ്പെടുത്തിയിരുന്നു. വിദേശത്തേക്ക് ഹവാല ഇടപാട് നടന്നെന്നാണ് ഇഡി വിചാരണ കോടതിയില്‍ വ്യക്തമാക്കിയത്. ഒന്നാം പ്രതി പി.സതീഷ്‌കുമാറാണ് ഇടപാടിന് ചുക്കാന്‍ പിടിച്ചത്. സതീശന്റെ ബഹ്‌റിനില്‍ ഉള്ള കമ്പനിയിലേക്ക് ഹവാല നെറ്റ്വര്‍ക്ക് വഴി പണം കടത്തി, സഹോദരന്‍ ശ്രീജിത്, സഹോദരി വസന്തകുമാരി എന്നിവരുടെ പേരിലും കോടികള്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചുവെന്നും സുഹൃത്തുക്കളുടെ പേരിലും സതീശന്‍ പണം നിക്ഷേപിച്ചുവെന്നും ഇ ഡി വിചാരണ കോടതിയില്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം തൃശ്ശൂരിലും കൊച്ചിയിലുമായി 9 ഇടങ്ങളില്‍ റെയ്ഡ് നടത്തി. സതീഷ് കുമാറിന്റെ ബെനാമി ഇടപാടുകളുടെ രേഖകള്‍ റെയ്ഡില്‍ കണ്ടെടുത്തതെന്ന് ഇ ഡി അറിയിച്ചു. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകള്‍ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടില്‍ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്.

ഇന്നലെ നടത്തിയ ഇഡി റെയിഡില്‍ എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും പിടിച്ചെടുത്തു. 800 സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് ഇ ഡി പിടിച്ചെടുത്തത്. കരുവന്നൂര്‍ കേസിലെ പ്രതിയായ ഒളിവിലുള്ള അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടിയിട്ടുണ്ട്.

Tags