കരുവന്നൂര്‍ വ്യാജ വായ്പ കേസ് : കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നതിന് കോടതിയെ സമീപിച്ച് ഇ.ഡി


കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് വ്യാജ വായ്പ കേസില്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കുന്നതിന് കോടതിയെ സമീപിച്ച് ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിനു വിട്ടുനല്‍കാന്‍ തയാറാണെന്ന ഇ.ഡി.യുടെ നിലപാടില്‍ മറുപടി സമര്‍പ്പിക്കാന്‍ പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ്ങ് ആക്ട്) കോടതി ബാങ്കിന് നിര്‍ദേശം നല്‍കി. ഇ.ഡി. നിലപാട് അറിയിച്ചിട്ടും സ്വത്തുക്കള്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു ബാങ്ക് മറുപടി നല്‍കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കോടതി വഴിയുള്ള നീക്കം.
ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുക്കള്‍ ബാങ്കിന് കൈമാറിയാല്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കു തിരികെ നല്‍കാന്‍ സാധിക്കുമോ എന്നാണ് ബാങ്ക് അറിയിക്കേണ്ടത്. ബാങ്കിനും കേസിലെ 55 പ്രതികള്‍ക്കുമാണ് കലൂര്‍ പിഎംഎല്‍എ കോടതി നോട്ടിസ് അയച്ചിരിക്കുന്നത്. പ്രതികളുടെ 128 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. നേരത്തെ കണ്ടു കെട്ടിയിരുന്നു. ഇതില്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ഭൂമിയും വിവിധ ഘടകങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപവും ഉള്‍പ്പെടും.