കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തണം: കെ.സി. വേണുഗോപാല്‍ എം.പി

Karunagapally hospital

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറല്‍ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും വേണുഗോപാല്‍ പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികള്‍, സേവനങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി.

ദേശീയപാതയ്ക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയെന്ന നിലയില്‍ ട്രോമാ കെയര്‍ സംവിധാനം ഉടന്‍ ആരംഭിക്കണമെന്നും എം.പി. അഭിപ്രായപ്പെട്ടു. അതിനാവശ്യമായ സ്ഥലസൗകര്യം ഡിസംബര്‍ മാസത്തോടെ സജ്ജമാകുമെന്നതിനാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ഡയറക്ടര്‍ മീനാക്ഷിയോട് കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ബ്ലഡ് ബാങ്ക് സജ്ജീകരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കണം. ഇതുസംബന്ധിച്ച് ഡി.എം.ഒ. പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അംഗീകാരം നല്‍കണമെന്നും എം.പി. നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരെയും ടെക്നീഷ്യന്‍മാരെയും നിയമിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയായിവരുന്ന ബഹുനില കെട്ടിടം ഡിസംബറില്‍ തന്നെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത സി.ആര്‍. മഹേഷ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റുമ്പോള്‍ ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.

സി.ടി. സ്‌കാന്‍ തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിട്ടും ആവശ്യമായ സ്ഥലം ഒരുക്കുന്നതില്‍ കാലതാമസം വരുത്തിയതില്‍ എം.പി. യോഗത്തില്‍ സൂപ്രണ്ടിനോട് അതൃപ്തി അറിയിച്ചു. സി.ടി. സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും അതിനാവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും എം.പി. നിര്‍ദ്ദേശം നല്‍കി.

പുതിയ കെട്ടിടത്തില്‍ ഭൂഗര്‍ഭ ജലസംഭരണി നിര്‍മിക്കുന്നതിനായി എടുത്ത മണ്ണ് വേഗത്തില്‍ നീക്കം ചെയ്യാന്‍ നിര്‍മാണ ചുമതലയുള്ള കിഫ്ബി നടപടി സ്വീകരിക്കണം. നഗരസഭ അതിന്റെ മേല്‍നോട്ടം വഹിക്കണം. ആവശ്യമെങ്കില്‍ റവന്യൂ വകുപ്പിന്റെ സഹായം ഉറപ്പാക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തണമെന്നും എം.പി. നിര്‍ദ്ദേശം നല്‍കി.

ഹൃദ്രോഗ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എം.പി. ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

കാന്‍സര്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്നും എം.പി. ആവശ്യപ്പെട്ടു. കൂടാതെ, കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ഒന്നിലധികം ദിവസങ്ങളില്‍ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

കൂടുതല്‍ ഡയാലിസിസ് സെന്ററുകള്‍ ക്രമീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 10 ഡയാലിസിസ് യൂണിറ്റുകള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.പി. യോഗത്തെ അറിയിച്ചു. അതിന് ആവശ്യമായ ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് എം.പി. യോഗം വിളിച്ചുചേര്‍ത്തത്.

സി.ആര്‍. മഹേഷ് എം.എല്‍.എ., ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ഓഗസ്റ്റ് മോറാസ്, നഗരസഭാ ചെയര്‍മാന്‍ 

പി.സോമരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags