ആലുവ മണപ്പുറത്ത് കർക്കടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി : ആലുവ മണപ്പുറത്ത് നടക്കുന്ന കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പുലർച്ചെ രണ്ടിന് ആരംഭിക്കുന്ന പിതൃകർമങ്ങൾ വൈകീട്ട് മൂന്ന് വരെ നീണ്ടുനിൽക്കും. ക്ഷേത്രകർമങ്ങൾക്ക് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിക്കും. ബലിതർപ്പണ ചടങ്ങുകളുടെ ഭാഗമായി പുലർച്ചെ ഒന്നുമുതൽ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാദേവ ക്ഷേത്രത്തിൽ ആറാട്ടു നടന്ന് മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണ് (ഇത് വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്തു നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം (ഇതും വൺവേ ട്രാഫിക് ആയിരിക്കും). തോട്ടയ്ക്കാട്ടുക്കര ജങ്ഷനിൽ നിന്നും മണപ്പുറത്തേക്ക് വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
വരാപ്പുഴ, എടയാർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ തോട്ടയ്ക്കാട്ടുക്കര കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആളുകളെ ഇറക്കിയ ശേഷം പറവൂർ കവല – യു.സി കോളജ് – കടുങ്ങല്ലൂർ വഴി തിരികെ പോകണം. അങ്കമാലി ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങി പോകേണ്ടതാണ്.
എറണാകുളം ഭാഗത്ത് നിന്നും ദേശീയപാത വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസുകൾ പുളിഞ്ചോട് ജങ്ഷനിൽ നിന്നും കാരോത്തുകുഴി ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തണം. തിരികെ പോകുന്ന ബസുകൾ ബാങ്ക് കവല ബൈപാസ് വഴി പോകണം. എറണാകുളം ഭാഗത്തു നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ പുളിഞ്ചോട് നിന്നും വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി സ്റ്റാൻഡിൽ പ്രവേശിക്കണം.
പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ പമ്പ് ജങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി സർവീസ് നടത്തണം. പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ റെയിൽവേ സ്ക്വയർ കാരോത്തുകുഴി വഴി സ്റ്റാൻഡിൽ പ്രവേശിക്കണം. ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. കൂടാതെ, റോഡ് സൈഡിലും ദേശീയപാതയുടെ ഇരുവശങ്ങളിലും യാതൊരുവിധ പാർക്കിങ്ങും അനുവദിക്കില്ലെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)

