‘ഞാനൊരു കരയോഗം നായരാണ്, എന്നിട്ടും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല’ ; സുകുമാരൻ നായർക്കെതിരെ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

‘I am a Karayogam Nair, yet I was not allowed to offer floral tributes at Mannam Samadhi’; Bengal Governor CV Ananda Bose against Sukumaran Nair

 ന്യൂഡൽഹി: ബംഗാൾ ഗവർണറായി ചുമതലയേൽക്കുംമുമ്പ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ പെരുന്നയിൽ പോയപ്പോൾ തനിക്ക് അവസരം നിഷേധിച്ചതായി ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്. പെരുന്നയിലെ കാവൽക്കാരനെ കാണാനല്ല അവിടെ പോകുന്നതെന്നും എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഒളിയമ്പെയ്ത് അദ്ദേഹം പറഞ്ഞു. ഡൽഹി എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

tRootC1469263">

‘ഞാനൊരു കരയോഗം നായരാണ്. എനിക്ക് ഐ.എ.എസ് തന്നത് ആരാണെന്ന് ചോദിച്ചാൽ, അല്ലെങ്കിൽ ഗവർണർ ആയി എന്നെ നിയമിച്ചത് ആരാണെന്ന് ചോദിച്ചാൽ, ഞാൻ പറയും കരയോഗമാണെന്ന്. ബംഗാൾ ഗവർണറായി ചുമതലയേൽക്കുംമുമ്പ് എനിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തണമായിരുന്നു. അതിന് എനിക്ക് എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയുമായി ഒരു അപ്പോയിന്മെന്റ് കിട്ടി. ഞാൻ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിന്റെ അടുത്ത് വന്ന് ഡോർ ഒക്കെ തുറന്ന് സ്വീകരിച്ചു. എനിക്ക് ചായ തന്നു. എന്നോട് സംസാരിച്ചു. കാറിൽ കയറ്റി തിരിക അയക്കുകയും ചെയ്തു. സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം ഒന്നും പറഞ്ഞില്ല. അപ്പോൾ എനിക്ക് സമാധിയിൽ പുഷ്പാർജന നടത്താൻ അവകാശമില്ലേ? ഈ നായർ സമുദായത്തിൽ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയിൽ പോയി പുഷ്പാർജനം നടത്തേണ്ടതല്ലേ? നമ്മുടെ അവകാശമല്ലേ? ഇത് ആർക്കെങ്കിലും ഒരാൾക്ക് മാത്രം കുത്തക അവകാശമാണോ? പെരുന്നയിലെ കാവൽക്കാരനെ കാണാനല്ല അവിടെ പോകുന്നത്. സാക്ഷാൽ യുധിഷ്ഠരൻ ധർമ്മപുത്രൻ ഭരിച്ച ഇന്ദ്രപ്രസ്ഥത്തിൽ ഭാരത കേസരി മന്നത്താചാര്യന്റെ ഒരു സ്മരണിക തീർക്കണം, ഒരു സ്മാരകം ഉണ്ടാക്കണം എന്ന് അഭ്യർഥിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ സ്മാരകം ഡൽഹിയിൽ നിർമ്മിക്കണമെന്നും ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ ഗവർണറായി നിയോഗിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആനന്ദബോസിനോട് ഫോണിൽ പറഞ്ഞപ്പോൾ ഇക്കാര്യം അദ്ദേഹം ആദ്യം പങ്കുവെച്ചതിൽ ഒരാളാണ് സുകുമാരൻ നായർ. ഈ ചുമതല ഏൽക്കാൻ പോകുന്നതിനുമുമ്പ് മന്നം സമാധിയിൽ എത്തി പുഷ്പാർച്ച നടത്താൻ ഒരു അവസരം ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർഥിച്ചിരുന്നു. എന്നാൽ, എൻഎസ്എസിന്റെ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ സുകുമാരൻ നായർ സ്വീകരിച്ചെങ്കിലും മന്നം സമാധിയിൽ പ്രവേശിപ്പിച്ചില്ല. കരയോഗം നായരായ തനിക്ക് ഈ തരത്തിലുള്ള ഒരു ദുരനുഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഈ കാവൽക്കാരനെ കാണാനല്ല താൻ വരുന്നതെന്നും അദ്ദേഹം സുകുമാരൻ നായർക്കെതിരെ തുറന്നടിച്ചു.

Tags