തിരുവല്ലയിൽ കപ്പലണ്ടി വ്യാപാരി പേ വിഷബാധയേറ്റ് മരിച്ചു


ചെങ്ങന്നൂർ: പേ വിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് തിരുവൻവണ്ടൂർ മിൽമ സൊസൈറ്റിപ്പടിക്ക് സമീപത്തുവച്ച് തെരുവ് നായയുടെ ആക്രമണത്തിൽ മുറിവേറ്റത്.
tRootC1469263">തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിവരുകയായിരുന്ന ഗോപിനാഥൻ നായർ,രാത്രിയിൽ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നാലെ കുരച്ചുകൊണ്ട് ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു. സൈക്കിളിൽ നിന്ന് വീണ വൃദ്ധന് നായയുടെ നഖംകൊണ്ട് ചെറിയ മുറിവേറ്റിരുന്നു. ഇത് ഇയാൾ കാര്യമാക്കിയിരുന്നില്ല. എന്നാൽ പിന്നീട് പനിയുടെ ലക്ഷണങ്ങളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ശാന്തകുമാരി.മക്കൾ: രജനി, രഞ്ജിനി.
