ചാണ്ടി ഷമീം സ്ഥിരം കുറ്റവാളിയാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍: വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കുന്നത് പരിഗണിക്കും

Shamim

 കണ്ണൂര്‍: വളപട്ടണം പൊലിസ് സ്‌റ്റേഷനിലെ വാഹനങ്ങള്‍ കത്തിച്ച കേസില്‍ അറസ്റ്റിലായ  ചാണ്ടിഷമീം സ്ഥിരം കുറ്റവാളിയാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത്കുമാര്‍ു പറഞ്ഞു.
 വളപട്ടണം പൊലിസ് സ്‌റ്റേഷനില്‍ മാധ്യമ  പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 കേസുകളില്‍ പ്രതിയാണിയാള്‍. നേരത്തെ കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നുവെന്നും വീണ്ടും ഷമീമിനെതിരെ കാപ്പ ചുമത്തണോയെന്ന്  പരിശോധിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പറഞ്ഞു. 

വളപട്ടണം പൊലിസ് സ്‌റ്റേഷനില്‍ തീവയ്പ്പു നടന്ന സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടോയെന്ന് പരിശോധിക്കും. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.  കഴിഞ്ഞ ദിവസം ഷമീമും സഹോദരനും വളപട്ടണം പൊലിസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കിയിരുന്നു.  ഇതിന് പിന്നാലെ ഷമീമിന്റെ സഹോദരനെ പൊലിസ് അറസ്റ്റു ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 ഇതിന്റെ വൈരാഗ്യത്തിലാണ് പൊലിസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീവെച്ചതെന്ന് എസ്.പി പറഞ്ഞു. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍   വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായ അഞ്ചു വാഹനങ്ങള്‍ ഷമീം കത്തിച്ചതെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ വ്യക്തമാക്കി.

Share this story