കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ ആർഎസ്എസിന്റെ ആശയങ്ങൾക്ക് തുല്യം; രൂക്ഷമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവനയെ നിശിതമായി വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ ആർഎസ്എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. ഭൂരിഭാഗം മതങ്ങളും പലപ്പോഴും ലിംഗസമത്വം അംഗീകരിക്കാൻ വൈമുഖ്യം കാണിക്കാറുണ്ട് എന്ന യാഥാർഥ്യത്തിന്റെ പ്രതിഫലനമാണ് കാന്തപുരത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന മതസമ്മേളനത്തിലാണ് സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വലിയ നാശത്തിന് കാരണമാകുമെന്ന വിവാദ പ്രസ്താവന കാന്തപുരം നടത്തിയത്. ഇതിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ അടക്കമുള്ളവർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സ്ത്രീകൾ പൊതുരംഗത്തേക്ക് കടന്നുവരുന്നത് നിയന്ത്രിക്കണമെന്ന വാദം ആർഎസ്എസ് ഉൾപ്പെടെയുള്ള തീവ്ര യാഥാസ്ഥിതിക സംഘടനകൾ ഹിന്ദുമതത്തെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്ന 'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന സങ്കല്പത്തിന് തുല്യമാണെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും ശക്തമായി ചർച്ചയായ ഘട്ടത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത് എന്താണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകൾ വീടുകളുടെ ഉള്ളിൽ ഒതുങ്ങിക്കഴിയണമെന്നും അവർ വീടിന് പുറത്തിറങ്ങുന്നതുകൊണ്ടാണ് അവർക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതെന്നുമാണ് ഭാഗവത് വാദിച്ചത്. ഏതാണ്ട് അതേ ചിന്താഗതി തന്നെയാണ് കാന്തപുരവും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പൊതുമണ്ഡലത്തിൽ സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ വേണമെന്ന ഇത്തരം വാദങ്ങൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബേബി കുറ്റപ്പെടുത്തി
ഇത്തരം പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ മൂല്യങ്ങൾക്കും നിയമവ്യവസ്ഥയ്ക്കും കടകവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടക്കാട്ടി. ലിംഗസമത്വം എന്നത് ഭരണഘടനയുടെ കാതലായ തത്ത്വമാണ്. ഒരു മതത്തിന്റെ പേരിലും ആ തുല്യതയെ ചോദ്യം ചെയ്യാനോ ഭരണഘടനാ മൂല്യങ്ങളെ നിഷേധിക്കാനോ ആർക്കും അവകാശമില്ല. കാലത്തിന് നിരക്കാത്ത ഇത്തരം നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നവർ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യനീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്താണ് നാമെല്ലാവരും നിലയുറപ്പിക്കേണ്ടതെന്നും, കാന്തപുരത്തിന്റെ പ്രസ്താവന ആ മൂല്യങ്ങളിൽ നിന്നുള്ള വ്യതിയാനമാണെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
.jpg)

