ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിൻ്റെ പ്രതികരണം; സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നതെന്ന് പി കെ ശ്രീമതി
കണ്ണൂര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് പി കെ ശ്രീമതി. ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം എന്നാണ് പി കെ ശ്രീമതിയുടെ വിമർശനം. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ തന്നെയല്ലേ ഇസ്‌ലാം മതത്തില്‍ നിന്നുള്ള പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായതെന്ന് പി കെ ശ്രീമതി ചോദിച്ചു. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഒരു മുസ്‌ലിം വനിതയായിരുന്നില്ലേ. അവരോട് ആര്‍ക്കെങ്കിലും ആദരവ് കുറഞ്ഞിട്ടുണ്ടോയെന്ന് പി കെ ശ്രീമതി ചോദിച്ചു. കോഫി വിത്ത് അരുണില്‍ ആയിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.
കാന്തപുരത്തിന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ ആരും പുറത്തുപോകാറില്ലേയെന്നും പി കെ ശ്രീമതി ചോദിച്ചു. അവരുടെ മതത്തില്‍ പറയുന്ന ആചാരങ്ങളും സ്ത്രീ സരംക്ഷണവുമെല്ലാം ശരിയാണ്. എന്നാല്‍ തെറ്റ് ചെയ്യുന്നതിനോട് സമരസപ്പെട്ട് പോകാന്‍ കഴിയില്ലെന്ന് പി കെ ശ്രീമതി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലും എവിടെയും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമായിട്ടുള്ള മുസ്‌ലിം സഹോദരിമാര്‍ തിരിച്ച് കയറണം എന്നാണ് അദ്ദേഹം ആദ്യം പറയേണ്ടത് എന്നും പി കെ ശ്രീമതി വെല്ലുവിളിച്ചു.
വിഷയത്തില്‍ തുടക്കം മുതല്‍ സിപിഐഎം ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭരണകര്‍ത്താക്കള്‍ മാത്രമല്ല എല്ലാവരും പ്രതികരിക്കാന്‍ തയ്യാറാകണം. വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. സൈബര്‍ ആക്രമണം നടന്നോട്ടെയെന്ന് ശ്രീമതി പറഞ്ഞു. താന്‍ നല്ല കാര്യമാണ് പറഞ്ഞത്. തനിക്കെതിരെ ആക്രമണം നടത്തുന്നവരുടെ സഹോദരിമാരും ഉമ്മയും ബന്ധുക്കളുമാണ് പുറത്തിറങ്ങി നടക്കുന്നത്. സൈബര്‍ ആക്രമണത്തിന്റെ പേരില്‍ താന്‍ എന്തിന് ഭയപ്പെടണമെന്നും ശ്രീമതി ചോദിച്ചു. സ്ത്രീ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ താന്‍ ഇനിയും നിലപാട് പറയും. അത് പറയാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.
.jpg)

