സ്ത്രീവിരുദ്ധ പരാമര്‍ശം ; നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ കാന്തപുരം മറുപടി പറയും

Kanthapuram wants to prevent women from being brought to a venue or public place among other men

 കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിലപാട് വിശദീകരിക്കാന്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയും. പരാമര്‍ശത്തില്‍ വ്യക്തതയും വരുത്തും. ഇന്നലെ തൃശൂര്‍ സമ്മേളനത്തില്‍ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു.

സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നുമാണ് കാന്തപുരം ഇന്നലെ പറഞ്ഞത്. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസയും സ്‌കൂളുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വേറെയും ആണ്‍കുട്ടികള്‍ക്ക് വേറെയുമായി സ്ഥാപനങ്ങള്‍ ഉണ്ടാക്കി. അനാഥരായ പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നുണ്ട്. ഭക്ഷണം വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നുണ്ടെന്നും കാന്തപുരം തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ ഇടതുസംഘടനകളാണ് ആദ്യം രംഗത്തെത്തിയത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

Tags