കണ്ണൂര്‍ വാണിയപ്പാറയിലെ കല്ലറ വിവാദം: പരിശോധനയില്‍ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങള്‍ മാത്രം

d

പള്ളിയിലെ 38-ാം നമ്പർ കല്ലറയില്‍ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോള്‍ ഉള്ളില്‍ അസ്വാഭാവികമായ രീതിയില്‍ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കണ്ണൂർ :  കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ കല്ലറയെ ചൊല്ലി നാട്ടുകാർക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമം.പള്ളിയിലെ 38-ാം നമ്പർ കല്ലറയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍, ഔദ്യോഗിക രേഖകള്‍ ശരിയാണെന്നും കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ മാത്രമാണുള്ളതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

റവന്യൂ, പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് . പള്ളിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്ന 2006ലും 2015ലുമായി അടക്കം ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കല്ലറയിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

തലശ്ശേരി ആർഡിഒ, പേരാവൂർ ഡിവൈഎസ്പി, ഫോറൻസിക് വിദഗ്ധർ, പൊലീസ് സർജൻ എന്നിവരടങ്ങിയ പ്രത്യേക സംഘം ഒൻപത് സാക്ഷികളുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ പുറത്തുനിന്നുള്ള യാതൊരു അവശിഷ്ടങ്ങളും ഇതിലില്ലെന്ന് ഉറപ്പാക്കി. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്.

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹം ശക്തമായതോടെ, പന്ത്രണ്ട് വർഷം മുൻപ് കോഴിക്കോട് വിലങ്ങാട് നിന്നും കാണാതായ സിജോ സ്കറിയ എന്ന യുവാവിന്റേതാണോ ഈ അവശിഷ്ടങ്ങള്‍ എന്ന സംശയവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ജൂണ്‍ 13നാണ് നാടകീയമായ സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. പള്ളിയിലെ 38-ാം നമ്പർ കല്ലറയില്‍ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോള്‍ ഉള്ളില്‍ അസ്വാഭാവികമായ രീതിയില്‍ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

എന്നാല്‍, 2015ല്‍ അടക്കം ചെയ്ത ജയിംസ് എന്നയാളുടെ ശവപ്പെട്ടി ദ്രവിച്ചുപോവുകയും, അതിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തേക്ക് വന്നതുമാണ് പുതിയൊരു അവശിഷ്ടം കൂടിയുണ്ടെന്ന സംശയത്തിന് ഇടയാക്കിയതെന്ന് ഫോറൻസിക് പരിശോധനയില്‍ വ്യക്തമായി.

സാധാരണഗതിയില്‍ ഒരേ കല്ലറയില്‍ വീണ്ടും സംസ്കാരം നടത്തുമ്പോള്‍ പഴയ അവശിഷ്ടങ്ങള്‍ മാറ്റി മരപ്പൊടിയിട്ട് പട്ടുവിരിച്ച ശേഷമാണ് പുതിയ പെട്ടി വെക്കാറുള്ളത്. എന്നാല്‍ ഇവിടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. പള്ളി രേഖകള്‍ പ്രകാരം 2006ല്‍ അടക്കം ചെയ്ത മറിയക്കുട്ടി, 2015ല്‍ അടക്കം ചെയ്ത ജയിംസ് എന്നിവരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഈ കല്ലറയിലുള്ളത്.

കല്ലറയില്‍ ഔദ്യോഗിക രേഖകളില്‍ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയം ഉയർന്നതോടെ പള്ളി വികാരിയും വിശ്വാസികളും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സെമിത്തേരിക്ക് ചുറ്റും ടാർപോളിൻ കെട്ടി മറച്ച്‌ പൊലീസ് കാവല്‍ ഏർപ്പെടുത്തി.

 

Tags