കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

google news
kannur

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 14 പേർക്കെതിരെയാണ് കേസെടുത്തത്.

ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പുവടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. അക്രമം തടഞ്ഞവരെയും മർദിച്ചു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് പ്രകോപനത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ വിവരിക്കുന്നു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മുസ്‍ലിം ലീഗ് പ്രവർത്തകരെ നേരത്തെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന്‍റെ ഈ നടപടിയിൽ പ്രതിഷേധിച്ചാണ് കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചത്.

kannur

മാടായിപ്പാറയിലെ കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിനുശേഷം തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരെ പഴയങ്ങാടി കെ.എസ്.ഇ.ബി ഓഫിസ് പരിസരത്താണ് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരും ചേർന്ന് ഇത് തടഞ്ഞു.

നവകേരള ബസ് പോയ ശേഷമാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ മർദിച്ചത്. ഹെൽമറ്റുകളും ചെടിച്ചട്ടികളും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഘർഷം ചിത്രീകരിക്കുന്നതിനിടെ മീഡിയ വൺ കാമറാമാൻ ജയ്സൽ ബാബുവിനും മർദനമേറ്റു.

പഴയങ്ങാടി സ്റ്റേഷനുസമീപം യൂത്ത് കോൺഗ്രസുകാർ കരിങ്കൊടിയുമായി എത്തിയത് തടയാൻ കഴിയാത്തത് പൊലീസിന്റെ സുരക്ഷാവീഴ്ചയാണെന്നാരോപിച്ച് സി.പി.എം, ഡി.വെ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയത് സംഘർഷ ഭീതിപരത്തി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീഷ് വെള്ളച്ചാൽ, രാഹുൽ പുങ്കാവ്, മഹിത മോഹനൻ, സായി ശരൺ എന്നിവരെ തളിപ്പറമ്പിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags