കണ്ണൂരിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർത്ഥിക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
ചൊക്ളി : പെരിങ്ങത്തൂരിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയെ ഒൻപതു ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. കുട്ടിയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ കെ വി മനോജ് കുമാർ പൊലീസിനോട് നിർദ്ദേശിച്ചു.
ഈ മാസം എട്ടാം തീയതിയാണ് ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായത്. മൊബൈൽ ഫോൺ അച്ഛൻ വാങ്ങി വച്ചതിനെ തുടർന്ന് കത്തെഴുതി വച്ച് വീട് വിട്ടിറങ്ങുകയായിരുന്നു. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ ജീവിച്ച ദൈവത്തോട് അലിയുമെന്നും കത്തെഴുതി വച്ചായിരുന്നു വീട് വിട്ടിറങ്ങിയത്. തലശ്ശേരി എസ്.പിയുടെ സ്ക്വാഡും ചൊക്ലി പൊലീസുമാണ് അന്വേഷണം നടത്തുന്നത്. എന്നാൽ ഒൻപതു ദിവസം കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ചൊക്ലി പോലീസ് സ്റ്റേഷനിലെത്തിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ കുട്ടിയെ അടിയന്തിരമായി കണ്ടെത്തണമെന്ന് പൊലീസിന് നിർദ്ദേശം നൽകി.
കുട്ടിയെ കാണാതായ സംഭവത്തിന്റെ വിശദാംശങ്ങളും പോലീസ് സ്വീകരിച്ച നടപടികളും ചെയർപേഴ്സൺ ചോദിച്ചറിഞ്ഞു. തുടർന്ന് ശിവസൂര്യയുടെ വീടും കെ.വി. മനോജ് കുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകിയത്. കേരളത്തിന് പുറത്ത് കുട്ടിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലിസ് . ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
.jpg)

