കണ്ണൂർ പാലത്തായി പോക്സോ കേസ്; അധ്യാപകരും കുട്ടികളും അറിയാതെ സംഭവം നടക്കില്ലെന്ന വാദം തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷണം
കൊച്ചി: പാലത്തായി പോക്സോ പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടത്തിയത് ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുകളുണ്ടെന്നും, ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും അതിശയോക്തിപരമായ വിശദീകരണങ്ങളുമുണ്ടെന്നും നിരീക്ഷിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രതിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
വിചാരണക്കോടതി വിധിക്കെതിരെ പത്മരാജൻ സമർപ്പിച്ച അപ്പീൽ നിലനിൽക്കാൻ നിയമപരമായ കാരണങ്ങളുണ്ടെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ക്ലാസ് മുറികൾക്ക് വളരെ അടുത്തുള്ളതും ഇടുങ്ങിയതുമായ സ്കൂൾ ശുചിമുറിയിൽ വെച്ച്, മറ്റ് കുട്ടികളോ അധ്യാപകരോ അറിയാതെ പലതവണ ഇത്തരം സംഭവം നടന്നു എന്നത് സംശയമുണർത്തുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം ഡിവിഷൻ ബെഞ്ച് പ്രാഥമികമായി മുഖവിലയ്‌ക്കെടുത്തു.
ഇതിനുപുറമെ, കുട്ടിയെ ആദ്യം പരിശോധിച്ച ഡോക്ടർ പീഡനം നടന്നതായി രേഖപ്പെടുത്തിയിരുന്നില്ലെന്നതും, പിന്നീട് പരിശോധിച്ച ഡോക്ടർ കണ്ടെത്തിയ പരിക്കുകൾ ഫംഗൽ ഇൻഫെക്ഷൻ മൂലമുള്ള ചൊറിച്ചിൽ കൊണ്ടും സംഭവിക്കാമെന്ന് മൊഴി നൽകിയിട്ടുണ്ടെന്ന വസ്തുതയും കോടതി പരിഗണിച്ചു. കേസ് അന്വേഷിച്ച മൂന്ന് വ്യത്യസ്ത അന്വേഷണ സംഘങ്ങൾ പരസ്പരവിരുദ്ധമായ നിഗമനങ്ങളിലാണ് എത്തിച്ചേർന്നതെന്നതും വിചാരണക്കോടതിയുടെ ശിക്ഷാവിധിയിലെ പ്രധാന വീഴ്ചയായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും എന്ന ഉപാധിയോടെയാണ് പത്മരാജന് ജാമ്യം നൽകിയിരിക്കുന്നത്. കുട്ടി താമസിക്കുന്ന റവന്യൂ ജില്ലയിൽ പ്രതി പ്രവേശിക്കാൻ പാടില്ലെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്. കുട്ടിയേയോ കുടുംബത്തെയോ സാക്ഷികളെയോ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ബന്ധപ്പെടാനോ ശ്രമിക്കരുത്. കേസിനെക്കുറിച്ച് സോഷ്യൽ മീഡിയയിലോ മാധ്യമങ്ങളിലോ അഭിമുഖങ്ങളോ പ്രതികരണങ്ങളോ നൽകരുത്. കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത്. ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
.jpg)

