കണ്ണൂരിൽ മാസങ്ങൾക്ക് മുൻപ് മരിച്ച പ്രഥമാധ്യാപകന് പരീക്ഷാ ഡ്യൂട്ടി ; വിവാദത്തിൽ വിദ്യാഭ്യാസവകുപ്പ്

exam

കണ്ണൂർ: കണ്ണൂരിൽ മാസങ്ങൾക്ക് മുൻപ് മരിച്ച പ്രഥമാധ്യാപകന് ഹയർ സെക്കൻഡറി പരീക്ഷാജോലി. ജനുവരി 19-ന് അന്തരിച്ച പാലത്തായി യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ പാറോൾ സായിസദനത്തിൽ പി. ബിജോയിക്കാണ്‌ (50)  പരീക്ഷാജോലി നൽകി വകുപ്പ് ഉത്തരവിറക്കിയത്. പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്‌കൂളിലേക്കാണ് പട്ടികയിൽ എൺപത്തിയഞ്ചാമനായി ബിജോയിയെ നിയോഗിച്ചിരിക്കുന്നത്.

tRootC1469263">

അധ്യാപകൻ എന്നതിനൊപ്പം സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബിജോയി. പാഠപുസ്തക കമ്മിറ്റിയംഗം, സംസ്ഥാന ഹിന്ദി റിസോഴ്‌സ്‌പേഴ്‌സൺ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.പി.എസ്.ടി.എ. കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയും കോൺഗ്രസ് പാനൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. അറിയപ്പെടുന്ന ആളായിട്ടും പ്രഥമാധ്യാപകന്റെ പേര് മരണശേഷം വകുപ്പ് തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടതിൽ അധ്യാപകർക്കിടയിൽ പ്രതിഷേധമുണ്ട്.

എ.ഇ.ഒ., ഡി.ഇ.ഒ. തലങ്ങളിൽ ക്രോഡീകരിച്ചാണ് പരീക്ഷാജോലിക്ക് നിയോഗിക്കപ്പെടേണ്ട അധ്യാപകരുടെ പട്ടിക ലഭിക്കുന്നതെന്നും അത്തരത്തിൽ തയ്യാറാക്കുമ്പോഴുണ്ടായ വീഴ്ചയായിരിക്കാം കാരണമെന്നും ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി.) എ.കെ. വിനോദ് പറഞ്ഞു. എന്നാൽ, സ്‌കൂൾചുമതലയുള്ള പ്രഥമാധ്യാപകരെ ഇത്തരം പരീക്ഷാജോലികൾക്ക് നിയോഗിക്കാറില്ലെന്നും 'കൈറ്റി'ന്റെ സൈറ്റിൽനിന്ന് അധ്യാപകരുടെ പട്ടിക എടുത്ത് ജോലിക്ക് നിയോഗിച്ചതിനാലാണ് ഇത്തരം വിഴ്ച സംഭവിച്ചതെന്നും അധ്യാപക സംഘടനാ ഭാരവാഹികൾ ആരോപിക്കുന്നു.
 

Tags