ഇപിയുടെ ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം റിസോര്‍ട്ടിന് വീണ്ടും ടിഡിഎസ് നോട്ടീസ്

google news
ep vaidekam

കണ്ണൂര്‍: വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം വീണ്ടും നോട്ടീസ് നല്‍കി. ടിഡ‍ിഎസ് വിഭാഗത്തിന് ഇന്ന് നല്‍കിയ രേഖകള്‍ അപൂര്‍ണ്ണമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. നികുതി സംബന്ധമായ മുഴുവന്‍ രേഖകളും ഈ മാസം 27ന് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ റിസോര്‍ട്ടില്‍ നടന്ന റെയ്ഡിന്‍റെ തുടര്‍ച്ചയായാണ് രേഖകള്‍ ആവശ്യപ്പെട്ടത്. ഇ പി ജയരാജന്‍റെ ഭാര്യക്കും മകനും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ പരാതിയില്‍ വിജിലന്‍സും റിസോര്‍ട്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. റിസോര്‍ട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകള്‍ ഇന്ന് ഹാജരാക്കാനാണ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിരുന്നത്. വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് ടി ഡി എസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു. നികുതി അടക്കുന്നതമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പരിശോധന.

അന്ന് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, നല്‍കിയ രേഖകള്‍ അപൂര്‍ണ്ണമാണെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നികുതി സംബന്ധമായ  മുഴുവന്‍ രേഖകളും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വൈദേകം റിസോര്‍ട്ടില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഭാര്യക്കും മകനും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരികള്‍ വില്‍ക്കാന്‍ ഇവര്‍ നീക്കം തുടങ്ങിയിരുന്നു.

അതേസമയം, റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോർട്ടിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നാലെ ആന്തൂര്‍ നഗരസഭാ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ആന്തൂര്‍ നഗര സഭ വഴി വിട്ട സഹായം തേടിയെന്ന പരാതിയിലായിരുന്നു നടപടി. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുന്നതെങ്കിലും റിസോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് വിജിലന്‍സ് പറയുന്നത്.

Tags