ഉത്തര കേരളത്തിൽ ആദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഫുള്‍ തിക്‌നസ്സ് റിസക്ഷന്‍ ഡിവൈസ് വഴി മലാശയത്തിലെ മുഴ നീക്കം ചെയ്തു

കണ്ണൂര്‍ : എന്‍ഡോസ്‌കോപ്പിക് ചികിത്സാ രംഗത്ത് ഏറ്റവും നൂതനമായ ചികിത്സാ ഉപാധിയാണ് ഫുള്‍തിക്‌നസ്സ് റിസക്ഷന്‍ ഡിവൈസ് എന്ന FTRD. മലാശയം പോലുള്ള ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന മുഴകളും മറ്റും വിജയകരമായി നീക്കം ചെയ്യാന്‍ സഹായിക്കുന്ന FTRD ഉപയോഗിച്ച് കേരളത്തില്‍ നിലവില്‍ കൊച്ചിയില്‍ മാത്രമാണ് വിജയകരമായി ചികിത്സ പൂര്‍ത്തീകരിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറത്ത് കേരളത്തില്‍ FTRD ചികിത്സ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസിന് സാധിച്ചിരിക്കുന്നു.
58 വയസ്സുകാരിയായ കൂത്തുപറമ്പ് സ്വദേശിനി കടുത്ത ശ്വാസം മുട്ടലുമായാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ എത്തിയത്. പള്‍മണോളജി വിഭാഗത്തിലെ ഡോക്ടർ വിഷ്ണു ജി കൃഷ്ണന്റെ പരിശോധനയില്‍ ആസ്റ്റര്‍ മിംസിലെത്തുന്നതിന് മുന്‍പ്് മറ്റൊരാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മലാശയത്തില്‍ ഒരു മുഴയുള്ളത് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായാണ് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലേക്കയച്ചത്. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷം മലാശയത്തിന്റെ നാളിക്കകത്തുള്ള മുഴയാണ് ബുദ്ധിമുട്ടിന് കാരണം എന്ന് മനസ്സിലായി. രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു.
സാധാരണഗതിയില്‍ ശരീരം തുറന്നുള്ള ശസ്ത്രക്രിയയാണ് ഇതുവരെ ഈ രോഗാവസ്ഥയ്ക്ക് സ്വീകരിച്ചിരുന്നത്. മലദ്വാരത്തിന്റെ ഭാഗം ശസ്ത്രക്രിയ വഴി തുറന്ന് ഉള്ളിലേക്കെത്തി മുഴയുള്ള മലാശയത്തിന്റെ നാളി രണ്ടായി കീറിമുറിച്ച് മുഴ നീക്കം ചെയ്ത ശേഷം തുന്നിച്ചേര്‍ക്കുക എന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയാണ് അവലംബിക്കേണ്ടിയിരുന്നത്. എന്നാല്‍ FTRD യുടെ സഹായത്തില്‍ ശസ്ത്രക്രിയ ഇല്ലാതെ ഈ അവസ്ഥ ചികിത്സിക്കാനുള്ള സാധ്യത ഡോക്ടർമാർ രോഗിയുടെയും കുടുംബാംഗങ്ങളുടേയും മുന്‍പിലേക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് അവരുടെ സമ്മതത്തോടെയാണ് പ്രൊസീജ്യര്‍ ആരംഭിച്ചത്.
മലാശയത്തിന്റെ നാളിയുടെ ഉള്ളിലായി 1 സെന്റിമീറ്റര്‍ നീളത്തിലാണ് മുഴ സ്ഥിതി ചെയ്തത്. മലദ്വാരത്തിന്റെ ഭാഗം കീറിമുറിക്കാതെ മലദ്വാരത്തിലൂടെ എന്‍ഡോസ്‌കോപ്പ് ഉള്ളിലേക്ക് കടത്തുകയും കൃത്യഭാഗം അടയാളപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് FTRD യുടെ സഹായത്തോടെ ഒരേ സമയം മുഴ മുറിക്കുകയും അതേ സമയം മുറിക്കപ്പെടുന്ന ഭാഗം ക്ലിപ്പ് ചെയ്യുകയും ചെയ്തു. ഇതോടെ മുഴ പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന സമയത്ത് തന്നെ മലാശയനാളി യോജിപ്പിച്ചുകൊണ്ടുള്ള ക്ലിപ്പിംഗും പൂര്‍ത്തിയായി. അതിസങ്കീര്‍ണ്ണമായി മാറേണ്ടിയിരുന്ന ശസ്ത്രക്രിയ വളരെ അനായാസകരമായ രീതിയില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. സാധാരണ ഗതിയില്‍ ദിവസങ്ങളോളം ആശുപത്രി വാസം ആവശ്യമായി വരുമായിരുന്ന രോഗിയെ ഒറ്റദിവസം കൊണ്ട് ഡിസ്ചാര്‍ജ്ജ് ചെയ്യുവാനും സാധിച്ചു. എന്‍ഡോസ്‌കോപ്പിക് ഫുള്‍ തിക്‌നസ്സ് റിസക്ഷന്‍ EFTR എന്നാണ് ഈ പ്രൊസീജ്യറിനെ വിളിക്കുന്നത്.
അതിസങ്കീര്‍ണ്ണമാകുമായിരുന്ന ശസ്ത്രക്രിയ ഒട്ടും സങ്കീര്‍ണ്ണതകളില്ലാതെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു എന്നതാണ് ഈ രീതിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അതിന് പുറമെ ശരീരത്തിന്റെ മറ്റേത് ഭാഗത്തും മുറിവുണ്ടാക്കുന്നതിനേക്കാള്‍ ദുഷ്‌കരമാണ് മലദ്വാരത്തിന്റെ ഭാഗത്ത് മുറിവ് സൃഷ്ടിക്കുന്നത്, ഇത് രോഗിക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. എന്നാല്‍ ഈ രിതിയില്‍ മുറിവ് സൃഷ്ടിക്കാതെ മലദ്വാരത്തിനുള്ളിലൂടെ എന്‍ഡോസ്‌കോപ്പ് സന്നിവേശിപ്പിക്കാന്‍ സാധിച്ചതിനാല്‍ രോഗിക്ക് വളരെ ആശ്വാസകരമായി മാറി. മുഴ നീക്കുന്നതിനൊപ്പം തന്നെ ക്ലിപിംഗും നടന്നത് മറ്റൊരു നേട്ടമാണ്. കൂടാതെ രക്തനഷ്ടമില്ല, അതിവേഗമുള്ള സുഖപ്രാപ്തി, ദൈനംദിന ജീവിതത്തിലേക്ക് പെട്ടെന്നുള്ള തിരിച്ച് വരവ്, വളരെ കുറഞ്ഞ ആശുപത്രിവാസം തുടങ്ങിയ നേട്ടങ്ങളും FTRD ക്കുണ്ട്.
കണ്ണൂർ ആസ്റ്റർ മിംസിലെ ഡോക്ടർ സാബു കെ ജി നയിക്കുന്ന ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഡോക്ടർ ജസീം അൻസാരി പ്രോസീജീയറിന് നേതൃത്വം നൽകി. ഗ്യാസ്‌ട്രോ എന്ററോളജി,പള്‍മണോളജി വിഭാഗം ഡോക്ടർമാരായ സാബു കെ ജി, ജസീം അൻസാരി, കവിത ആർ, ജാവേദ് പി, വിവേക് കുമാർ കെ വി, വിജോഷ് വി കുമാർ, വിഷ്ണു ജി കൃഷ്ണൻ, വിവിൻ ജോർജ്( എ ജി എം ഓപ്പറേഷൻസ്) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.