പോയന്റ് ഓഫ് കാൾ പദവി പ്രതീക്ഷയിൽ കണ്ണൂർ വിമാനത്താവളം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹാരത്തിനായി പോയന്റ് ഓഫ് കാൾ പദവി ലഭിക്കുമെന്ന പ്രതീക്ഷ വീണ്ടും സജീവമായി. സെപ്റ്റംബര്‍ ഏഴിന് പാര്‍ലമെന്റ് സ്ഥിരംസമിതി അംഗങ്ങൾ വിമാനത്താവളം സന്ദർശിച്ച് ‘പോയന്റ് ഓഫ് കാൾ’ പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കെ.കെ. ശൈലജയുടെ സബ്മിഷനു മറുപടി നൽകി.
കണ്ണൂര്‍ ജില്ലക്കും കാസർകോട്, വയനാട്, കോഴിക്കോട് ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്. എയര്‍പോര്‍ട്ടിന് ‘പോയന്റ് ഓഫ് കാൾ’ ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും സാധ്യമാകുന്നില്ല. വിമാന കമ്പനികളുടെ എണ്ണം കുറവായത് കാരണം കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്. ഇതോടെയാണ് പോയന്റ് ഓഫ് കാൾ പദവിക്കായി മുറവിളി ഉയർന്നത്.
സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി ചെയര്മാന് വി. വിജയ്സായ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് വിമാനത്താവളം സന്ദർശിച്ചത്. വിദേശ വിമാനങ്ങൾക്ക് അനുമതി നൽകുന്ന പോയന്റ് ഓഫ് കാൾ പദവി ലഭിക്കാത്തതും ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവിസുകൾ കുറഞ്ഞതും വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതു പരിഹരിച്ച് വിമാനത്താവളത്തെ ലാഭകരമാക്കാൻ ആവശ്യമായ നിർദേശങ്ങൾ സർക്കാറിനു മുന്നിൽ സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ വി. വിജയ്സായ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെയാണ് സമീപഭാവിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് ‘പോയിന്റ് ഓഫ് കാൾ’ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയും നിയമസഭയിൽ മറുപടി പറഞ്ഞത്.
വിശദമായ പരിശോധനക്ക് വിജയ്സായ് റെഡ്ഡിക്കു പുറമേ എം.പിമാരായ കെ. മുരളീധരന്, എ.എ. റഹീം, രാഹുല്‍ കസ്വാന്, ഛെഡി പാസ്വാന്, തിറത്ത് സിങ് റാവത്ത്, രാജീവ് പ്രതാപ് റൂഡി, സുനില്‍ബാബു റാവു മെന്തെ, കാംലേഷ് പാസ്വാന്, രാംദാസ് ചന്ദ്രഭഞ്ജി തദാസ് എന്നിവരാണ് നേതൃത്വം നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. എന്നാൽ പോയന്റ് ഓഫ് കാൾ പദവി ലഭിക്കുന്നതിന് അനുകൂലമായാണ് റിപ്പോർട്ട് ഉള്ളതെന്നാണ് നിഗമനം. എന്നാലും അന്തിമ തീരുമാനം കേന്ദ്രത്തിന്റേതാകും.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കെ. സുധാകരൻ എം.പി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. കൂടാതെ ജില്ലയിലെ വിവിധ സംഘടനകൾ കേന്ദ്രത്തെ നേരിട്ട് കണ്ട് പോയന്റ് ഓഫ് കാൾ പദവി നൽകണമെന്ന ആവശ്യം ഉന്നയിക്കാൻ ഇരിക്കുകയാണ്. അതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ പാര്‍ലമെന്റ് സമിതി സന്ദർശനം ഏറെ ആശ്വാസമായാണ് ഉത്തരമലബാറുകാർ കാണുന്നത്.