കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നല്‍കി

കണ്ണൂര്‍: ഗോഫസ്റ്റ് എയര്‍ലൈന്‍സ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പകരം സംവിധാനം കണ്ടെത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നല്‍കി. 2018 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചത്.
മുംബൈ, അബുദാബി, ദുബൈ, മസ്‌ക്കറ്റ്, ദമാം, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസും ആഭ്യന്തര സര്‍വ്വീസുമുള്‍പ്പടെ പ്രതിമാസം 240 സര്‍വ്വീസുകളാണ് ഗോ ഫസ്റ്റ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇത് കാരണം യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കണ്ണൂരില്‍ നിന്ന് കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്ക് ഗോ ഫസ്റ്റ് മാത്രമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. പാര്‍ക്കിംഗ്, ലാന്‍ഡിംഗ് ഫീസ് ഇനങ്ങളില്‍ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് വിമാനക്കമ്പനികളില്‍ നിന്ന് ഏയര്‍ പോര്‍ട്ടിന് ലഭിക്കുന്നത്.
യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ മറ്റിനങ്ങളിലുള്ള രുമാനത്തിലും ഇടിവുണ്ടാകും. ഗോ ഫസ്റ്റ് സര്‍വ്വീസ് നിര്‍ത്തിയത് കാരണം യാത്രക്കാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ട് തന്നെ യാത്രാ സൗകര്യം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എന്‍. ഹരിദാസ് നിവേദനത്തില്‍ പറയുന്നു.