ഡ്രൈവറായിരുന്നില്ല കണ്ണന്‍, കുടുംബാംഗമായിരുന്നു: വൈകാരികമായ കുറിപ്പുമായി കെസി വേണുഗോപാല്‍ എംപി

ഡ്രൈവറായിരുന്നില്ല കണ്ണന്‍, കുടുംബാംഗമായിരുന്നു: വൈകാരികമായ കുറിപ്പുമായി കെസി വേണുഗോപാല്‍ എംപി
Kannan was not a driver he was a family member KC Venugopal MP with an emotional note
Kannan was not a driver he was a family member KC Venugopal MP with an emotional note

ആലപ്പുഴ: ദീര്‍ഘകാലം തന്റെ സാരഥിയായിരുന്ന ജീവനക്കാരന്റെ വേര്‍പാടില്‍ വൈകാരിക ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.  1996 ല്‍ കെസി വേണുഗോപാല്‍ ആലപ്പുഴയിലെത്തിയ കാലം മുതല്‍ ഡ്രൈവറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് കണ്ണന്‍. 

tRootC1469263">

ഇദ്ദേഹവുമായി കെസി വേണുഗോപാലിന് വളരെ അടുത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്.ആലപ്പുഴയിലെ ഉള്‍പ്പെടെ ഒട്ടുമിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കണ്ണേട്ടനായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം മൂന്നുവര്‍ഷം മുന്‍പാണ് കണ്ണന്‍ കെസി വേണുഗോപാലിനോടൊപ്പമുള്ള സേവനം അവസാനിപ്പിച്ചത്. അന്ന് മുതല്‍ കണ്ണന്റെ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും കെസി വേണുഗോപാല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: 

1996 ല്‍, ഞാന്‍ ആലപ്പുഴയിലെത്തുന്ന കാലം, അന്ന് മുതല്‍ക്ക് കണ്ണന്‍ എന്റെ കൂടെക്കൂടിയതാണ്. ഇടക്കാലത്തെ ചെറിയൊരിടവേളയൊഴിച്ചാല്‍  അടുത്തിടെ വരെയും കണ്ണനില്ലാത്ത ഒരു യാത്രയും എനിക്കുണ്ടായിട്ടില്ല, അത് ചെറുതെങ്കിലും വലുതെങ്കിലും. ഡ്രൈവറായിരുന്നില്ല, ഉറ്റവനെന്ന ആത്മബന്ധമായിരുന്നു എനിക്ക് കണ്ണനോടുണ്ടായിരുന്നത്.

കണ്ണനും ആ സ്‌നേഹമായിരുന്നു എന്നോട്, എന്റെ കുടുംബത്തോട്. ഒരുപക്ഷേ, എന്നേക്കാള്‍, എന്റെ മക്കള്‍ക്ക് ആ സ്‌നേഹം അങ്ങേയറ്റം മനസ്സിലാകും. പല പരിപാടികളും തിരക്കുമൊക്കെ കഴിഞ്ഞ് ഞാനൊന്നുറങ്ങുന്നത് പലപ്പോഴും കാറിലായിരുന്നു. അപ്പോഴൊക്കെയും ധൈര്യമായി ഒന്ന് കണ്ണടയ്ക്കാന്‍, മയങ്ങാനുള്ള എന്റെ ധൈര്യമായിരുന്നു കണ്ണന്‍. സ്റ്റിയറിങ് കണ്ണന്റെ കൈകളിലുള്ളിടത്തോളം എനിക്ക് ആ ആത്മവിശ്വാസവുമുണ്ടായിരുന്നു. 

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഏത് റോഡുകളും ഏതൊരു പട്ടണത്തിന്റെയും ഗ്രാമത്തിന്റേയും മുക്കം മൂലയും ഭൂമിശാസ്ത്രവും ഏതു പാതിരാത്രിയിലും കണ്ണനു ഹൃദസ്ഥമായിരുന്നു. ആലപ്പുഴയിലെ കോണ്‍ഗ്രസ് കുടുംബാംഗങ്ങള്‍ക്കു മാത്രമല്ല,കേരളത്തിലെമ്പാടുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വലിപ്പചെറുപ്പമില്ലാതെ തോളില്‍ കയ്യിടാവുന്ന സൗഹൃദം കൂടിയായിരുന്നു കണ്ണന്‍.

എന്റെ കുടുംബത്തിലെ ഒരംഗം കൂടിയായിരുന്നു കണ്ണന്‍. ഞങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും വിശേഷങ്ങളിലുമൊക്കെ പങ്കാളിയായിരുന്നവന്‍. എനിക്കും ആശയ്ക്കും കണ്ണന്‍ ഒരു ധൈര്യം കൂടിയായിരുന്നു. മക്കള്‍ മാത്രമുള്ള യാത്രകളില്‍ കണ്ണന്‍ ഒപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ആശ്വാസവും സമാധാനമായിരുന്നു. അവര്‍ക്ക് കണ്ണന്‍ കണ്ണമ്മാവനായിരുന്നു.
മൂന്നുവര്‍ഷം മുന്‍പാണ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം കണ്ണന്‍ മാറിനില്‍ക്കുന്നത്.

ആരോഗ്യം മോശമായി നിരന്തരം ആശുപത്രികളില്‍ കഴിഞ്ഞിരുന്ന ഇക്കഴിഞ്ഞ കാലയളവിലൊക്കെ ആശുപത്രി അധികൃതരോടും ഡോക്ടര്‍മാരോടും കുടുംബാംഗങ്ങളോടും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു .അപ്പോഴൊക്കെയും പ്രതീക്ഷയായിരുന്നു അവന്‍ ഞങ്ങള്‍ക്കരികിലേക്ക് തിരികെ വരുമെന്ന്. പക്ഷേ, അതുണ്ടായില്ല. ഇനിയൊരിക്കലും കാണാന്‍ കഴിയാത്ത വിധം ദൂരത്തിലേക്ക് കണ്ണന്‍ പോയിരിക്കുന്നു. എല്ലാ യാത്രകളിലും ഒപ്പമുണ്ടായിരുന്നവന്‍, ഇന്ന് ഒറ്റയ്‌ക്കൊരു യാത്രയിലാണ്. ഉറ്റവനെ നഷ്ടപ്പെട്ടതിന്റെ വിങ്ങലുണ്ട്. കണ്ണന്റെ കുടുംബത്തോടൊപ്പം എന്നുമുണ്ടാവും ഞാനും എന്റെ കുടുംബവും. എന്നും ചേര്‍ത്തുപിടിക്കും എന്ന ഉറപ്പാണ് കണ്ണന് നല്‍കാനുള്ളത്. ഏറെ വേദനയോടെ പ്രണാമം.

Tags