അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടാണ് വളർന്നത്. ഈ സിനിമകൾ എപ്പോഴും എന്റെ ചുറ്റിലുമുണ്ടായിരുന്നു. ’; കുറിപ്പുമായി കല്യാണി പ്രിയദർശൻ
അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് കല്യാണി പ്രിയദർശൻ. ശ്രീനിവാസന്റെ മരണം തന്റെ കുടുംബത്തെ സംബന്ധിച്ചും മലയാള സിനിമയെ സംബന്ധിച്ചും വലിയ നഷ്ടമാണെന്ന് കല്യാണി പറഞ്ഞു. പ്രിയദർശനും ശ്രീനിവാസനും ഒന്നിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പമാണ് കല്യാണി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ ബാല്യകാലത്തിൽ ഞാൻ കണ്ട ചില സൗഹൃദങ്ങളാണ് സിനിമയിലേക്ക് വരാനും അച്ഛനെപ്പോലെ ഈ മേഖലയിൽ പ്രവർത്തിക്കാനും എന്നെ പ്രേരിപ്പിച്ചത്. അവരിൽ ഒരാളായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടാണ് വളർന്നത്. ഈ സിനിമകൾ എപ്പോഴും എന്റെ ചുറ്റിലുമുണ്ടായിരുന്നു. അന്ന് ഞാൻ അത് തിരിച്ചറിഞ്ഞില്ലെങ്കിലും, പിന്നീട് ഈ വഴി തിരഞ്ഞെടുത്തതിനുള്ള കാരണങ്ങളിലൊന്നായി അവ മാറി’, കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് ശ്രീനിവാസന്റെ അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
.jpg)


