കൽപ്പാത്തി രഥോത്സവം പടിവാതിൽക്കൽ: ചരിത്രവും സംസ്കാരവുമറിഞ്ഞ് സന്ദർശകരെ സ്വീകരിക്കാൻ പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം

Kalpathi Chariot Festival at the doorstep: Palakkad District Heritage Museum to welcome visitors with knowledge of history and culture

പാലക്കാട്: കൽപ്പാത്തി രഥോത്സവം പടിവാതിൽക്കൽ എത്തിനിൽക്കെ, ജില്ലയുടെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം അടുത്തറിയാൻ സന്ദർശകരെ ക്ഷണിക്കുകയാണ് കൽപ്പാത്തി ചാത്തപുരത്തുള്ള പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം. രഥോത്സവത്തിനെത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും പാലക്കാടിന്റെ ചരിത്രവും കാർഷിക സംസ്കാരവും സംഗീത പാരമ്പര്യവും ഒരു കുടക്കീഴിൽ അനുഭവിച്ചറിയാൻ മ്യൂസിയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

2021-ൽ ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിൽ ഉത്ഭവം, ഉദയം, മരതകം, ഉത്സവം, നവരസം, പുരാണം എന്നീ ആറ് ഗാലറികളിലൂടെയാണ് പാലക്കാടൻ സംസ്കാരത്തിന്റെ വിവിധ ഭാവങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. പഞ്ചവാദ്യത്തിന്റെ ചരിത്രവും പാലക്കാടിന്റെ പ്രകൃതിഭംഗിയും ഉൾപ്പെടുത്തിയ ആമുഖ വീഡിയോകളോടെ ആരംഭിക്കുന്ന മ്യൂസിയത്തിൽ ഓണം, നവരാത്രി, കൽപ്പാത്തി രഥോത്സവം തുടങ്ങിയ ആഘോഷങ്ങളും കഥകളി, മോഹിനിയാട്ടം, കളമെഴുത്തും പാട്ടും തുടങ്ങിയ കലാരൂപങ്ങളും ദൃശ്യവൽക്കരിച്ചിട്ടുണ്ട്.

കൂടാതെ മലയർ, ഇരവാളർ, ഇരുളർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളുടെ ജീവിതരീതികളും വേല, പൂരം, പെരുന്നാൾ, നേർച്ച തുടങ്ങിയ ഉത്സവങ്ങളും തുള്ളൽ, തോൽപാവക്കൂത്ത്, പൊറാട്ടുനാടകം തുടങ്ങിയ നാടൻ കലകളുടെ വസ്ത്രാലങ്കാരങ്ങളും ഡിജിറ്റൽ കലാശേഖരവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.തിങ്കളാഴ്ചകളും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് പ്രവേശന ഫീസ്.

Tags