മെസ്സിയുടെ വരവിന്റെ പേരിൽ കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ കരാർ നിലനിൽക്കെ 10 കോടി ആവശ്യപ്പെട്ട മുൻ കായികമന്ത്രിയുടെ കത്ത് പുറത്ത്

Kaloor stadium to be renovated in view of Messi's arrival; Former Sports Minister's letter demanding Rs 10 crore despite sponsorship deal still in place is out

തിരുവനന്തപുരം: ഇതിഹാസ താരം ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിനായി അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹിമാൻ 10 കോടി രൂപ ആവശ്യപ്പെട്ട് കത്തയച്ചതിന്റെ രേഖകൾ പുറത്ത്. അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അയച്ച കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്റ്റേഡിയം നവീകരിക്കുന്നതിന്റെ പൂർണ്ണ ചെലവ് സ്പോൺസർ സൗജന്യമായി വഹിക്കുമെന്നായിരുന്നു കരാർ. ഈ കരാർ നിലനിൽക്കെയാണ് സർക്കാരിൽ നിന്നും 10 കോടി രൂപ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ധനവകുപ്പിനെ സമീപിച്ചത്.

2025 സെപ്റ്റംബർ 26-നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി) മത്സരവേദിയായ കലൂർ സ്റ്റേഡിയത്തിന്റെ നവീകരണച്ചുമതല ഏറ്റെടുത്തത്. എന്നാൽ, ഇതിന് പത്ത് ദിവസങ്ങൾക്ക് ശേഷം 2025 ഒക്ടോബർ 6-ന് വി. അബ്ദുറഹിമാൻ പണം ആവശ്യപ്പെട്ട് ധനമന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു. കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന നവീകരണ പ്രവർത്തനങ്ങൾ നടത്താനെന്ന് ധരിപ്പിച്ചാണ് ഫണ്ട് തേടിയത്. ധനമന്ത്രി ഇതിന് അനുമതി നൽകിയെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും നിലവിൽ വന്നതിനാൽ പണം കൈമാറ്റം നടന്നിരുന്നില്ല.

കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി സ്പോൺസർ ഏറ്റെടുത്ത അതേ പ്രവൃത്തികൾക്ക് സർക്കാർ ഫണ്ട് തേടിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. മെസ്സി സന്ദർശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മുൻ മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഈ നിർണ്ണായക രേഖകളും പുറത്തുവന്നിരിക്കുന്നത്

Tags