കല്ലുമ്മക്കായയുടെ 'മംഗലശ്ശേരി പെരുമ ; വിജയഗാഥയുമായി ഒരുകൂട്ടം യുവാക്കൾ

Kallummakaya's 'Mangalassery Peruma'; A group of youth with a success story

കണ്ണൂർ : മലബാറുകാരുടെ പ്രിയപ്പെട്ട വിഭവമായ കല്ലുമ്മക്കായയുടെ രുചിപ്പെരുമ തേടി ഇനി കടൽതീരങ്ങളിലേക്ക് അലയേണ്ടതില്ല. കണ്ണൂർ പട്ടുവം മംഗലശ്ശേരിയിലെ ഒരു കൂട്ടം യുവാക്കൾ തങ്ങളുടെ അധ്വാനവും ആവേശവും കൊണ്ട് കല്ലുമ്മക്കായ  കൃഷിയിൽ നൂറുമേനി വിജയം കൊയ്തെടുക്കുകയാണ്.പാറമ്മക്കടവിൽ പുരുഷ സ്വാശ്രയസംഘങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ കൃഷി മികച്ച ലാഭവും ജനപിന്തുണയും നേടി മുന്നേറുകയാണ്.

പ്രകൃതിയും മനുഷ്യപ്രയത്നവും കൈകോർത്തപ്പോൾ, നാടിന്റെ രുചിശീലങ്ങൾക്ക് പുതിയൊരു മാനം നൽകുകയാണ് പട്ടുവത്തെ യുവസംരംഭകർ.
മംഗലശ്ശേരി പാറമ്മക്കടവിലാണ് പുരുഷ സ്വാശ്രയ സംഘങ്ങളുടെ നേതൃത്വത്തിൽ കല്ലുമ്മക്കായ കൃഷി വിജയം കാണുന്നത്. നവശക്തി, യുവശക്തി, ജനശക്തി എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 12 യുവാക്കളാണ് ഈ സംരംഭത്തിന് പിന്നിൽ. ഓരോ ഗ്രൂപ്പിലും നാല് പേർ വീതമുണ്ട് .

Kallummakaya's 'Mangalassery Peruma'; A group of youth with a success story

പുഴയിൽ മുളകൾ നാട്ടി അതിൽ ഒരു മീറ്റർ നീളമുള്ള 1200 കയറുകളിലായാണ് വിത്തുകൾ നിക്ഷേപിച്ചത്. ഓരോ ഗ്രൂപ്പും 400 കയറുകൾ വീതം പരിചരിക്കുന്നു. പൊന്നാനി, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്നാണ് കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തുകൾ എത്തിച്ചത്. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നുള്ള സബ്സിഡിയും ഈ യുവാക്കൾക്ക് വലിയ ആശ്വാസമായി.

Kallummakaya's 'Mangalassery Peruma'; A group of youth with a success story

ഇത്തവണത്തെ വിളവെടുപ്പ് ഈ യുവാക്കൾക്ക് ആത്മവിശ്വാസത്തിന്റെ വിജയമാണ്. കഴിഞ്ഞ വർഷങ്ങളിൽ മലവെള്ളപ്പാച്ചിൽ കൃഷി നശിപ്പിച്ച കയ്പ്പേറിയ ഓർമ്മകൾ ഇവർക്കുണ്ട്. എന്നാൽ ആ വെല്ലുവിളികളൊന്നും ഇവരെ തളർത്തിയില്ല. പ്രതിസന്ധികളെ ആത്മബലം കൊണ്ട് നേരിട്ടപ്പോൾ ഇത്തവണ മംഗലശ്ശേരി പുഴ കനിഞ്ഞു; ലഭിച്ചത് മികച്ച വിളവ്

Kallummakaya's 'Mangalassery Peruma'; A group of youth with a success story

പരമ്പരാഗത കൃഷി രീതികൾക്കൊപ്പം പുതിയ സാധ്യതകൾ കൂടി തേടുകയാണ് ഈ യുവസംഘം. പ്രാദേശിക വിപണിയിൽ വലിയ ഡിമാൻഡുള്ള പട്ടുവം കല്ലുമ്മക്കായയുടെ വിപണനത്തിലൂടെ മികച്ച വരുമാനം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.നാടിന്റെ കാർഷിക സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന മംഗലശ്ശേരിയിലെ ഈ 'കല്ലുമ്മക്കായ വിപ്ലവം' ഒട്ടേറെ പേർക്ക് പ്രചോദനമാവുകയാണ്.

Tags