പരാതി പറയാൻ വേണ്ടി പോകുന്നവരുടെ മുമ്പിൽ അതിലും വലിയ പരാതിയാണ് മുഖ്യമന്ത്രി പറയുന്നത് ; കള്ളാടി മണ്ണിച്ചിൽ ദുന്തത്തിൽ പ്രതികരിക്കുമ്പോൾ കുറച്ച് പക്വത കാണിക്കണമെന്ന് മുഹമ്മദ് റിയാസ്
കൽപറ്റ : കള്ളാടി മണ്ണിച്ചിൽ ദുന്തത്തിൽ പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പക്വത കാണിക്കണമെന്ന് മുൻ മന്ത്രി കൂടിയായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ സംസാരിക്കണം എന്ന് നന്നായിട്ട് ആലോചിക്കണം. അപക്വമായ പ്രസ്താവനകൾ തുടർച്ചയായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ മുതൽ നടത്തിക്കൊണ്ടിരിക്കുകയാണ് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് മനുഷ്യനിർമിത ദുരന്തമാണെന്ന് ഒരു മന്ത്രി പറയുന്നു, ഇത് എന്റെ വകുപ്പിന്റെ പ്രശ്നമല്ല വേറെ വകുപ്പാണെന്ന് മറ്റൊരു മന്ത്രി പറയുന്നു, ഇത് പഴയ സർക്കാരിനെ കുറ്റമാണെന്ന് വേറൊരു മന്ത്രി പറയുന്നു, കരാറുകാരാണ് ഇതിന്റെ എല്ലാം കാരണം എന്ന് മുഖ്യമന്ത്രി പറയുന്നു. ഇതൊക്കെ സമയം എടുത്ത് പറയേണ്ട കാര്യങ്ങളാണ്.
മണ്ണ് എടുത്തുമാറ്റാൻ കരാറുകാരോട് പറഞ്ഞിട്ട് കരാറുകാർ ചെയ്തില്ല എന്ന വിഷമത്തിലാണ് മുഖ്യമന്ത്രി. ആ പരാതിയാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഓരോ പൗരനും വിഷമം പറയാനുള്ള, പരാതി പറയാനുള്ള, ആ പരാതി കേൾക്കാനുള്ള മനുഷ്യനാണ് മുഖ്യമന്ത്രി കസേരിൽ ഇരിക്കുന്നയാൾ. പരാതി പറയാൻ വേണ്ടി പോകുന്നവരുടെ മുമ്പിൽ അതിലും വലിയ പരാതിയാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി ഇപ്പോ ഏറ്റവും വലിയ പരാതിക്കാരനാണ്.
മണ്ണ് എടുത്തു മാറ്റാൻ വേണ്ടി പറഞ്ഞിട്ട് മാറ്റിയിട്ടില്ലെങ്കിൽ അത് മാറ്റിക്കാൻ ഒരു സർക്കാരിന് സാധിക്കില്ലേ? ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം തന്നെ മാറ്റിക്കാൻ പറ്റുമല്ലോ. ഇനി ഈ കരാറുകാർ അത് മാറ്റിയിട്ടില്ലെങ്കിൽ സർക്കാരിന് മറ്റ് സംവിധാനങ്ങൾ വഴി മാറ്റാലോ. അതൊക്കെ എന്തുകൊണ്ട് ചെയ്തില്ല? ഇപ്പോൾ അത് വിശദമായി ചർച്ച ചെയ്യേണ്ട സമയമല്ല.
മനുഷ്യനിർമ്മിതം എന്ന് ഒരു മന്ത്രി തന്നെ പറയുകയാണ്. ഏത് മനുഷ്യൻ? കരാറുകാരനാണോ ആ മനുഷ്യൻ? ആ കരാർ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥർ എന്ന മനുഷ്യരാണോ? ആ ഉദ്യോഗസ്ഥരെ ചലിപ്പിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ മനുഷ്യന്മാരാണോ? അതൊക്കെ സ്വാഭാവികമായിട്ട് ചർച്ച ചെയ്യപ്പെടേണ്ട പ്രശ്നം തന്നെയാണ്.
അതുകൊണ്ട് ഇത്തരം ഘട്ടങ്ങളിൽ പക്വതയോടുകൂടി സംസാരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറാകണം. എല്ലാവരെയും യോജിപ്പിച്ചു നിർത്തേണ്ട സമയത്ത് പഴയ സർക്കാരിന്റെ കുഴപ്പം എന്നൊക്കെ ഉത്തരവാദിത്വപ്പെട്ടവർ പറഞ്ഞ് തെറ്റായ നിലയിൽ പോകാൻ ശ്രമിക്കുന്നതും, ഒരു വകുപ്പ് മറ്റൊരു വകുപ്പിന് മേൽ കുറ്റം ചാർത്താൻ ശ്രമിക്കുന്നതും, ഇവിടെയല്ല അവിടെ കൊടുക്ക് എന്ന് പറയുന്ന രീതിയും ഒക്കെ ഒഴിവാക്കുന്നതാണ് പക്വമായ ഒരു ഗവൺമെന്റിന് ചേർന്നത്. ഇനിയെങ്കിലും അതിന് തയ്യാറാകാൻ ബന്ധപ്പെട്ടവർ മുന്നിട്ടിറങ്ങണം.
രക്ഷാപ്രവർത്തനങ്ങളിൽ ആദ്യം മുതൽ അവസാനം വരെ ഞങ്ങൾ ഉണ്ടാകും. ഇപ്പോൾ പ്രതിപക്ഷ നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇവിടേക്ക് വരുന്നുണ്ട്. എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി നിൽക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും അതിന് തയ്യാറാവണം. സംസാരത്തിലൊക്കെ അത് പ്രത്യേകം ശ്രദ്ധിക്കണം’ -റിയാസ് പറഞ്ഞു.
.jpg)

