കാലടി സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ സസ്പെന്ഷന്: മറുപടി നല്കാന് വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി അനുമതി
കൊച്ചി: വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഹൈക്കോടതി വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്കി. പുതിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് അടക്കം ചോദ്യം ചെയ്തുകൊണ്ട് പരിഷ്കരിച്ച ഹര്‍ജി നല്‍കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അനുമതി നല്‍കിയിരിക്കുന്നത്. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍വകലാശാലയുടെ അന്വേഷണം പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം അന്വേഷണം പൂര്‍ത്തീകരിച്ചതായും വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായും സര്‍വകലാശാല കോടതിയെ അറിയിക്കുകയായിരുന്നു. സസ്പെന്‍ഷനിലായ 12 വിദ്യാര്‍ഥികള്‍ രേഖാമൂലം നിരുപാധികം മാപ്പപേക്ഷ നല്കിയാല് തിരിച്ചെടുക്കാമെന്നും, മറ്റു നാലു പേരുടെ സസ്പെന്ഷന് കാലാവധി രണ്ടു മാസം കൂടി നീട്ടാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.
കുറ്റക്കാരായ വിദ്യാര്‍ഥികള്‍ മാപ്പു പറയണമെന്നും ചെയ്ത തെറ്റ് ഏറ്റുപറയണമെന്നുമാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്ന് വ്യക്തമാക്കിയ സര്‍വകലാശാല, വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നിലപാടാണ് തുടരുന്നത്. മതിയായ ഹാജരില്ലാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടക്കം ചോദ്യം ചെയ്ത് പുതിയ ഹര്‍ജി നല്കാന് വിദ്യാര്‍ഥികള്‍ക്ക് കോടതി അവസരം നല്‍കിയത്.
.jpg)

