കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സമരം: വിദ്യാർത്ഥികൾ പരീക്ഷ എഴുതണം എന്നാണ് ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി; ഹർജി സുപ്രീം കോടതിയിൽ നാളെ പരിഗണിക്കും
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ പരീക്ഷ എഴുതണം എന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സമരം ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അതിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വിധി എന്തായാലും പൂർണ്ണമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാപ്പ് എഴുതി നൽകണമെന്നത് സർവകലാശാലാ അച്ചടക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. പരീക്ഷ എഴുതാൻ കഴിയില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. സസ്പെൻഷൻ കാലയളവ് ഉൾപ്പെടെ കണക്കിലെടുത്താണ് തങ്ങളുടെ ഹാജർ നില തെറ്റായി നൽകിയതെന്നും, സസ്പെൻഷന് മുൻപ് പലർക്കും 90 ശതമാനത്തിന് മുകളിൽ ഹാജർ ഉണ്ടായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദ്ദേശിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയാണ് തങ്ങളുടെ ആകെയുള്ള പ്രതീക്ഷയെന്നും പരീക്ഷ എഴുതാൻ കഴിയുമെന്നാണ് വിശ്വാസമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.സസ്പെൻഷനിലുള്ള 16 വിദ്യാർത്ഥികളിൽ 10 പേർക്കാണ് പരീക്ഷയുള്ളത്. ഇതിൽ 7 പേരുടെ പരീക്ഷ ഇന്ന് നടന്നു. സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മറ്റ് വിദ്യാർത്ഥികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് പരീക്ഷ എഴുതാൻ എത്തിയത്.
.jpg)

