കൈതപ്രം രാധാകൃഷ്ണൻ കൊലക്കേസിലെ പ്രതി സന്തോഷ് ജീവനൊടുക്കിയ നിലയിൽ

Kaithapram Radhakrishnan murder case accused Santosh commits suicide

പയ്യന്നൂർ; കൈതപ്രം രാധാകൃഷ്ണൻ കൊലക്കേസിലെ പ്രതി സന്തോഷ് ജീവനൊടുക്കിയ നിലയിൽ. കൈതപ്പുറത്ത് വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2025 മാര്‍ച്ചിലാണ് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ സുഹൃത്തായിരുന്നു സന്തോഷ്.

രാധാകൃഷ്ണന്റെ ഭാര്യയായിരുന്ന മിനി നമ്പ്യാരുമായി സന്തോഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനു പിന്നാലെ രാധാകൃഷ്ണനെ ഒഴിവാക്കാൻ വേണ്ടിയാണ് അന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ഈ കേസില്‍ സന്തോഷും മിനിയും അറസ്റ്റിലായിരുന്നു. പിന്നീട് കേസില്‍ ജാമ്യം ലഭിച്ചു. കൊലപാതകത്തിനു ശേഷം സന്തോഷും മിനിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. മിനിയുടെ വീട്ടിലേക്ക് സന്തോഷ് എത്തുകയും പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സന്തോഷ് ജീവനൊടുക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

2025 മാർച്ച് 10നാണ് കൈതപ്രത്ത് നിർമ്മാണം നടക്കുന്ന രാധാകൃഷ്ണന്റെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. സഹപാഠികളായിരുന്ന സന്തോഷും മിനി നമ്പ്യാരും പൂർവവിദ്യാർഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ‌ഇതാണ് സന്തോഷിന് രാധാകൃഷ്ണനോട് വിരോധമുണ്ടാകാന്‍ കാരണം. 

തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്നിട്ടും മിനി നമ്പ്യാർ കൊലപാതകം നടന്നത് അറിഞ്ഞിട്ടും എത്തിയിരുന്നില്ല. ഇത് അന്വേഷിച്ച പോലീസാണ് മിനി നമ്പ്യാരുടെ അറിവോടെയാണ് കൊലപാതകം നടന്നത് എന്ന് കണ്ടെത്തിയത്. 

Kaithapram Radhakrishnan murder case accused Santosh commits suicide

Tags