‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ എംപി

You can't buy Palakkad or votes in Palakkad with money; Shafi Parambil against Shobha Surendran

 കോഴിക്കോട് : വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ വിഷയത്തിൽ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ വടകര എംപി ഷാഫി പറമ്പിൽ സ്വാഗതം ചെയ്തു. ഈ വ്യാജ പ്രചാരണത്തിന് പിന്നിലെ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച നടപടി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും, വോട്ടർമാർക്കിടയിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും സി.പി.എം കേന്ദ്രങ്ങൾ ആസൂത്രിതമായി നിർമ്മിച്ചതാണ് ഈ വ്യാജ സ്‌ക്രീൻഷോട്ടെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. മുൻപ് കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചുവെന്നും, യഥാർത്ഥ കുറ്റവാളികളെയും അവരെ നിയന്ത്രിച്ച സി.പി.എം നേതാക്കളെയും സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ അന്വേഷണത്തെ വഴിതിരിച്ചുവിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പോസ്റ്റിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന ദുർബലമായ വാദമുയർത്തി കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ പ്രത്യേക അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു, ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Tags