കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

Kadakkal Taluk Hospital gets national quality recognition
Kadakkal Taluk Hospital gets national quality recognition

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.

മികച്ച സേവനങ്ങളാണ് ഇവിടെ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.

Tags