സ്വസ്ഥമായി കിടന്നുറങ്ങാനാകുന്നില്ല; സ്വർണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാൻ കഴിയുമോ?പ്രതിപക്ഷ നേതാവിനോട് കടകംപള്ളി
തിരുവനനന്തപുരം: സ്വർണ്ണക്കള്ളനെന്ന് വിളിക്കാതിരിക്കാൻ കഴിയുമോയെന്ന് പ്രതിപക്ഷ നേതാവിനോട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണകൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിൽ കടകംപള്ളി നൽകിയ മാനനഷ്ടക്കേസിലെ കോടതി വാദത്തിനിടെയായിരുന്നു അഭിഭാഷകൻ ഇക്കാര്യം അഭ്യർത്ഥിച്ചത്.
ശബരിമല സ്വർണ്ണപ്പാളി കേസിൽ ജീവനക്കാരെയോ രാഷ്ട്രീയ നേതാക്കളെയോ വിമർശിക്കുന്നതിന് താൻ എതിരല്ല. എന്നാൽ തന്നെ സ്വർണം കട്ടവനെന്ന് വിളിക്കരുതെന്നാണ് കടകംപള്ളി ഉന്നയിച്ച ആവശ്യം. ഇത്തരം ആരോപണങ്ങൾ കേട്ട് സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാനാകുന്നില്ലെന്ന് കടകംപള്ളി പറഞ്ഞു.
എന്നാൽ ഈ ആവശ്യം പരിഗണിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് അത് വി ഡി സതീശനോട് ചോദിച്ച ശേഷമേ പറയാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും ഇവ മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും സതീശന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം തേടി കടകംപള്ളി സമർപ്പിച്ച ഹർജി പരിഗണിക്കവെ തിരുവനന്തപുരം സബ് കോടതിയുടെ പരിഗണനയിലാണ്. മാനനഷ്ടകേസിനെതിരെ സതീശൻ തടസ ഹർജി നൽകിയിരുന്നു. സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18ലേക്ക് മാറ്റി.
ശബരിമലയിലെ ദ്വാരപാലക ശില്പം ഇതരസംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആർക്കാണ് വിറ്റതെന്ന് അന്നത്തെവകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളിക്ക് അറിയാമെന്നും സതീശൻ ആരോപിച്ചിരുന്നു.
കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമല സ്വർണ്ണക്കൊള്ള നടന്നതെന്നാണ് ആരോപണം. സ്വർണ്ണക്കവർച്ചയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയിലും കടകംപള്ളിക്കെതിരായ പരാമർശമുണ്ടായിരുന്നു. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നൽകിയിരുന്നുവെന്നും ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ദേവസ്വം ബോർഡിന് കൈമാറിയതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയൽനീക്കം നടത്തിയതെന്നും പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അന്നത്തെ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ അറിയാതെ ദേവസ്വം ബോർഡിലേക്ക് ആ അപേക്ഷ എത്തില്ലെന്നും ആ അപേക്ഷയിന്മേലാണ് തുടർ നടപടി സ്വീകരിച്ചതെന്നും പത്മകുമാർ മൊഴിയിൽ വ്യക്തമാക്കിയിരുന്നു.
.jpg)


