സിപിഐഎമ്മിലെ അതൃപ്തി വിവാദങ്ങള്‍ക്കിടെ ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി കടകംപള്ളി


കുറിപ്പിന്റെ അവസാനം ഉപയോഗിച്ചിരിക്കുന്ന ആശ്ചര്യചിഹ്നമാണ് ഈ പോസ്റ്റില്‍ കൗതുകമാകുന്നത്.
ഫേസ്ബുക്കില്‍ പുതിയ കവര്‍ പേജ് ഫോട്ടോ മാറ്റി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. 'നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!' എന്ന കുറിപ്പോടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന ചിത്രമാണ് കടകംപള്ളി ഫേസ്ബുക്കിന്റെ കവര്‍ ചിത്രമായി പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ അവസാനം ഉപയോഗിച്ചിരിക്കുന്ന ആശ്ചര്യചിഹ്നമാണ് ഈ പോസ്റ്റില്‍ കൗതുകമാകുന്നത്. കടകംപള്ളി സുരേന്ദ്രനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പരിഗണിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കൊല്ലം സമ്മേളനം പുതിയതായി തിരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയേറ്റില്‍ കടകംപള്ളി ഇടംപിടിച്ചിരുന്നില്ല.
2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയുടെ സമാപന സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ശംഖുമുഖത്ത് സംഘടിപ്പിക്കപ്പെട്ട മഹാറാലിയുടെ പ്രധാനസംഘടാകനെന്ന നിലയില്‍ തിരുവന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപള്ളിയ്ക്ക് വലിയ പ്രശംസ ലഭിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ സിപിഐഎമ്മിന്റെ കരുത്തും സംഘടനാശേഷിയും വിളിച്ചോതിയ ശംഖുമുഖത്തെ റാലി സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കാഹളം മുഴക്കലായും വിലയിരുത്തപ്പെട്ടിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ മുഖ്യമന്ത്രി പദ?ത്തിലേയ്ക്ക് എത്തിക്കുന്നതില്‍ നവകേരള മാര്‍ച്ചിന് ലഭിച്ച സ്വീകാര്യതയും പ്രധാന ഘടകമായി മാറിയിരുന്നു. എതിരാളികള്‍ പോലും പ്രകീര്‍ത്തിച്ച 2016ലെ നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തിലെ മഹാറാലിയില്‍ സംസാരിക്കുന്ന ചിത്രം ഈ ഘട്ടത്തില്‍ കടകംപള്ളി പങ്കുവെച്ചത് യാദൃശ്ചകമല്ലെന്ന് തന്നെയാണ് വിലയിരുത്തല്‍.
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അതൃപ്തി പരോക്ഷമായും പ്രത്യക്ഷമായും പ്രകടിപ്പിച്ച് സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് കടകംപള്ളിയുടെ ഫേസ്ബുക്കിലെ കവര്‍പേജിലെ ഫോട്ടോയും കുറിപ്പും ശ്രദ്ധേയമാകുന്നത്.