കാസർകോട് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; 7 കുട്ടികൾക്ക് പരിക്ക്
കാസർകോട്: കാസർകോട് സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഏഴ് കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റതായി വിവരം. നഗരത്തിലെ മാർക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് സ്‌കൂളിലെ കുട്ടികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോയതും അമിത വേഗതയുമാണ് അപകടകാരമമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഓട്ടോയിലെ സീറ്റിന് പുറമേ മറ്റൊരു തട്ട് കൂടി ഇട്ടായിരുന്നു ഇതിൽ കുട്ടികളെ കൊണ്ടു പോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരിക്കേറ്റ കുട്ടികൾക്ക് പുറമേ കൂടുതൽ കുട്ടികൾ ഓട്ടോയിൽ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കാസർകോട് ഗവൺമെന്റ് യുപി സ്‌കൂൾ, മഡോണ എയുപി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കാസർകോട് ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാഹനം അമിതവേഗതിയിലായി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. നാട്ടുകാർ ചേർന്നാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
.jpg)

