കെ സുരേന്ദ്രൻ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി ട്രാക്ടർ ഓടിച്ച സംഭവം : ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി ട്രാഫിക് എൻഫോഴ്സ്മെന്റ്


പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനായി കെ സുരേന്ദ്രൻ ട്രാക്ടർ ഓടിച്ച സംഭവത്തിൽ ട്രാക്ടർ ഉടമയ്ക്ക് പിഴ. അയ്യായിരം രൂപയാണ് പിഴ ചുമത്തിയത്. ട്രാഫിക് എൻഫോഴ്സ്മെന്റ് ആണ് പിഴ ചുമത്തിയിരിക്കുന്നത്. കെ സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് പാലക്കാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കണ്ടെത്തിയിരുന്നു. സുരേന്ദ്രനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് എസ്എഫ്ഐ നേതാവായിരുന്ന പരാതിക്കാരൻ മുഹമ്മദ് ഫസൽ പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രൻ ട്രാക്ടർ റാലി നടത്തിയത്. ട്രാക്ടർ റാലിയിൽ ഒരു ട്രാക്ടർ കെ സുരേന്ദ്രൻ ഓടിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഫസൽ സുരേന്ദ്രനെതിരെ പാലക്കാട് എസ്പിക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, കെ സുരേന്ദ്രൻ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തുകയായിരുന്നു.
