സംസ്ഥാന മന്ത്രിസഭാ പുന:സംഘടന മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്നതു പോലെ; കെ.സുരേന്ദ്രന്‍

google news
k surendran

തൃശൂര്‍: മച്ചി പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്നതു പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുന:സംഘടനയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ മന്ത്രിസഭ പുന:സംഘടന കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ല. എല്ലാം തീരുമാനിക്കുന്നത് പിണറായി വിജയനും മരുമകന്‍ മന്ത്രിയും ചേര്‍ന്നാണ്. കേരളത്തില്‍ മന്ത്രിസഭയെന്ന ഒന്നില്ല. മറ്റ് മന്ത്രിമാര്‍ക്ക് ഒരു റോളുമില്ല എന്നും തൃശൂരില്‍ ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ച്് കെ.സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി മാറി. പിഞ്ച് കുഞ്ഞുങ്ങള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. ആരോഗ്യ വകുപ്പിന്റെ പിടിപ്പു കേടുകൊണ്ട് മാരകരോഗങ്ങള്‍ തിരിച്ച് വരുന്നു. ആരോഗ്യവകുപ്പ് വേണ്ടത്രെ മുന്‍കരുതലുകള്‍ എടുക്കാത്തതാണ് നിപ വീണ്ടും പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന്റെ ചുറ്റുമുള്ള പേരാമ്പ്രയില്‍ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പനിയുള്ളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ളവ ചെയ്തില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സംസ്ഥാനത്ത് സമ്പൂര്‍ണമായ ഭരണസ്തംഭനമാണ് നടക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ സംസ്ഥാനത്ത് ദൈനംദിന ചിലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

പിണറായിയുടെ ഭരണത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറി. 22,000 കോടി രൂപ വന്‍കിടക്കാരില്‍ നിന്നും സര്‍ക്കാരിന് പിരിച്ചെടുക്കാനുണ്ട്. വന്‍കിട കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളത്. ഒരു ഭാഗത്ത് ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ മറുഭാഗത്ത് വന്‍കിടക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ ആരോപിച്ചു.  

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സോളാറിന്റെ പിന്നാലെ പോവുകയാണ് ഭരണപ്രതിപക്ഷങ്ങള്‍. ഒത്തുതീര്‍പ്പ് രാഷ്ര്ടീയത്തിന്റെ ഉദാഹരണമാണ് സോളാര്‍ കേസ്. മാസപ്പടി വിവാദത്തിലും ഇവര്‍ ഒരേ പക്ഷത്താണ്. ഭരണപക്ഷത്തിന്റെ അഴിമതിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
 

Tags