താനൂര്‍ ബോട്ടപകടം ഹൃദയഭേദകമെന്ന് കെ സുധാകരന്‍

google news
sudhakaran

താനൂര്‍ ഒട്ടുംപുറം ബീച്ചിലുണ്ടായ ബോട്ട് അപകടത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചനം രേഖപ്പെടുത്തി. മലപ്പുറം താനൂരില്‍ വിനോദയാത്ര ബോട്ട് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്ന് സുധാകരന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഗുരുതരമാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിതമായ അടിയന്തര രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'രക്ഷാപ്രവര്‍ത്തനത്തിനും അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും മറ്റും നല്‍കുന്നതിനും ആ പ്രദേശത്തെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയതാണോ ബോട്ട് അപകടത്തിന് കാരണമെന്ന കാര്യം പരിശോധിക്കണം. കൂടാതെ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കുകയും വേണം', കെ സുധാകരന്‍ ആവശ്യപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഈ വേര്‍പാടുകള്‍ താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags