മാസപ്പടി കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഗവർണർമാർക്ക് വിരുന്നൊരുക്കിയത് : കെ സുധാകരൻ എം.പി

 k sudhakaran against pinarayi vijayan
 k sudhakaran against pinarayi vijayan

കണ്ണൂർ: മാസപ്പടി കേസിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി ഗവർണർമാർക്ക് വിരുന്നൊരുക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കേരള ഹൗസിൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കേരള ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു ഇത്. മാസപ്പടി കേസ് നിർണായക ഘട്ടത്തിലേക്കു കടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അസാധാരണനീക്കം. ബി.ജെ.പിയുമായുള്ള ഡീലുകളുടെ തുടർച്ചയാണിതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

tRootC1469263">

മാസപ്പടി കേസിൽ പിണറായി വിജയനെ പിന്തുണക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് ഇറക്കിവിട്ടത്. മന്ത്രിയും രണ്ടു തവണ എം.എൽ.എയും എം.പിയും കേന്ദ്രകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയുമായ ശ്രീമതി ടീച്ചറെപ്പോലെയുള്ള ഒരാൾക്ക് ഇതാണ് അവസ്ഥ. പിന്തുണ മാത്രം പോരാ പിണറായി വിജയന്. സൂര്യൻ, ചന്ദ്രൻ, അർജുനൻ, യുദ്ധവീരൻ തുടങ്ങിയ സ്തുതികൾകൊണ്ട് മുഖ്യമന്ത്രിയെ മൂടാത്ത ആർക്കും പാർട്ടിയിൽ രക്ഷയില്ലാത്ത അവസ്ഥയാണ്. സ്തുതിച്ചിട്ടുപോലും എ.കെ. ബാലനെപ്പോലുള്ള പിന്നാക്ക വിഭാഗത്തിൽനിന്നുള്ള നേതാവിന് നിന്നു പിഴക്കാനാകുന്നില്ല.

പി.കെ ശ്രീമതിക്ക് വിലക്കേർപ്പെടുത്തിയത് സംഘടനാപരമായ തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവന്ദൻ പറയുമ്പോൾ, വിലക്കേയില്ലെന്ന് ദേശീയ സെക്രട്ടറി എം.എ. ബേബി പറയുന്നു. ദേശീയ സെക്രട്ടറിയുടെ നിലപാടിനെയാണ് സംസ്ഥാന സെക്രട്ടറി നിർദാക്ഷിണ്യം തള്ളിക്കളഞ്ഞത്. ദേശീയ സെക്രട്ടറിയെന്നൊക്കെ പറയുന്നത് വെറുതെ അലങ്കാരത്തിനാണെന്ന് ബേബിക്കുമറിയാം. പിണറായി വിജയൻ ചെല്ലും ചെലവും കൊടുത്തുവളർത്തുന്നവരാണ് ദേശീയ നേതാക്കളെന്നു പറയപ്പെടുന്നവർ.

ഹൈകോടതി നിർദേശ പ്രകാരം സി.ബി.ഐ കേസെടുത്ത് എഫ്‌.ഐ.ആർ ഇട്ടിട്ടും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെ പുറത്താക്കാതെ സംരക്ഷിക്കുന്നത് അധികം വൈകാതെ തനിക്കും ഇതേ അവസ്ഥ വരുമ്പോൾ രാജിവെക്കാതിരിക്കാനുള്ള മുൻകരുതലാണ്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ എഫ്‌.ഐ.ആർ വന്നാൽ സസ്‌പെൻഡ് ചെയ്യുകയോ പുറത്താക്കുക ചെയ്യാം. എന്നാൽ കെ.എം. എബ്രഹാമിനെ മുഖ്യമന്ത്രി കൃഷ്ണമണി പോലെ സംരക്ഷിക്കുകയാണ്. ഇത് കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കും. കെ.എം. എബ്രഹാമിനെ ഉടനടി പുറത്താക്കിയില്ലെങ്കിൽ നിയമനടപടികളിലേക്കു നീങ്ങും - സുധാകരൻ മുന്നറിയിപ്പ് നൽകി.

Tags