ബ്രഹ്മപുരം തീപ്പിടിത്ത വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

google news
K Sudhakaran and cm

തിരുവനന്തപുരം : ബ്രഹ്മപുരം തീപ്പിടിത്ത വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. ബ്രഹ്മപുരം തീപ്പിടിത്തത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് പറഞ്ഞ കെ പി സി സി പ്രസിഡന്‍റ് തദ്ദേശ സ്ഥാപനവും ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അഭിപ്രായപ്പെട്ടു. ബ്രഹ്മപുരത്ത് നടന്നത് ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അതിന്‍റെ ഭവിഷ്യത്താണ് തീപിടുത്തമെന്നും അദ്ദേഹം പറഞ്ഞുമുഖ്യമന്ത്രിയുടെ മൗനത്തെയും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ വേസ്റ്റായി മാറുന്നുവെന്നും പിണറായി വിദേശത്ത് പോയതും വേസ്റ്റാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിശബ്ദനാണെന്നും വിദേശത്ത് ഉപരിപഠനത്തിന് പോയത് വെറുതെയായെന്നും കെ പി സി സി പ്രസിഡന്‍റ് വിശദീകരിച്ചു. 

ബ്രഹ്മപുരം തീപ്പിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഒരേ സമയമാണ് എല്ലാ ഭാഗത്തും കത്തിയതെന്നും ഇതിന് പിന്നിൽ അട്ടിമറിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർഹതയില്ലാത്ത പരിചയമില്ലാത്തവർക്ക് കരാർ നൽകി, ശാസ്ത്ര ബോധത്തിന്‍റെ കണിക പോലുമില്ലാത്ത പാർട്ടിക്കാരന് കരാർ നൽകിയത് അധികാര ദുർവിനിയോഗമാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ബ്രഹ്മപുരത്ത് സത്യാഗ്രഹവും സുധാകരൻ പ്രഖ്യാപിച്ചു. ഈ മാസം പതിനാറാം തീയതി ബ്രഹ്മപുരത്ത് കെ പി സി സി സത്യഗ്രഹം സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Tags