പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരായി

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് സുധാകരനെ രണ്ടാം തവണയും ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹാജരാകാന്‍ സുധാകരന് ഇഡി സാവകാശം നല്‍കിയിരുന്നു.
ഇ.ഡി ആവശ്യപ്പെട്ട ബാങ്ക് രേഖകള്‍ ഉള്‍പ്പടെ എല്ലാം രേഖകളും ആദ്യ തവണ തന്നെ നല്‍കിയിട്ടുണ്ടന്ന് കെ.സുധകാരന്‍ പറഞ്ഞു. തനിക്കെതിരെ ഇതുവരെ ഒരു തെളിവും കണ്ടത്തിയിട്ടില്ല. ഇനി കണ്ടെത്താനും കഴിയില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്ത് 30ന് ഹാജരാകണമെന്നാണ് ഇ.ഡി. കെ.സുധാകരനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സുധാകരന്‍ അസൗകര്യം അറിയിക്കുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ ചുമതലകള്‍ വഹിക്കുന്നതിനാല്‍ സമയം അനുവദിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കൂടാതെ സെപ്റ്റംബര്‍ അഞ്ചാം തീയ്യതിക്ക് ശേഷം ഏത് ദിവസവും ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ഇ.ഡി. വീണ്ടും ആവശ്യപ്പെട്ടത്.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും, ഇതിൽ കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്. പണം കൈമാറുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നതായി പരാതിക്കാരന്‍ മൊഴിനല്‍കിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്.