ജാതി വ്യവസ്ഥ മനസില്‍ പിടിച്ച കറ, നിയമ നടപടിക്ക് പോകുന്നില്ല : മന്ത്രി കെ രാധാകൃഷ്ണന്‍

google news
minister k radhakrishnan

തൃശൂര്‍: ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍. തനിക്ക് മുന്‍ഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റണം, കേരളത്തിന്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കല്‍പ്പിക്കുന്നു. ജാതി വ്യവസ്ഥ മനസില്‍ പിടിച്ച കറയാണ്. കണ്ണൂര്‍ സംഭവത്തില്‍ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ സ്വാതന്ത്ര്യം കിട്ടി 76 വര്‍ഷം കഴിഞ്ഞിട്ടും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. പയ്യന്നൂരിലെ സംഭവം കുറച്ചുകാലം മുന്‍പ് നടന്നതാണ്. അത് വലിയ വിഷയമാക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഒരു ദളിത് യുവാവ് കൂലി കൂട്ടിചോദിച്ചതിന് ചിലര്‍ അദ്ദേഹത്തിന്റെ നഖങ്ങള്‍ പിഴുതുകളയുകയും പട്ടിയെ വിട്ട് കടിപ്പിക്കുകയും ചെയ്ത ഒരു വാര്‍ത്ത വായിച്ചു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വാര്‍ത്ത വായിക്കാനിടയായ ദിവസം നടത്തിയ പ്രസംഗത്തില്‍ ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ഉദാഹരണമെന്ന നിലയ്ക്കാണ് ഈ സംഭവം സൂചിപ്പിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂരിലെ ക്ഷേത്രച്ചടങ്ങില്‍ പൂജാരി വിളക്ക് കൊളുത്തിയ ശേഷം തനിക്ക് തരാതെ നിലത്ത് വച്ചുവെന്നും അതേ വേദിയില്‍ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ താന്‍ ശക്തമായി പ്രതികരിച്ചുമെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചിരുന്നത്.

Tags